| Sunday, 10th December 2023, 11:32 am

ഗുഡ്ക കമ്പനികളുടെ പരസ്യത്തില്‍ അഭിനയിച്ചതിന്‌ ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഗുഡ്ക കമ്പനികളുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് നടന്മാരായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ച് അലഹബാദ് ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് നടന്മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്.ബി. പാണ്ഡെ കോടതിയെ അറിയിച്ചു.

പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ പുതിയ ഹരജി തള്ളണമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന്‍ അലഹബാദ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അമിതാഭ് ബച്ചന്‍ ഗുഡ്ക കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയിട്ടും പരസ്യങ്ങള്‍ പ്രചരിപ്പിച്ച കമ്പനിക്ക് നോട്ടീസ് അയച്ചതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിലെ സബ്മിഷന്‍ കേട്ടതിന് ശേഷം കോടതി വാദം കേള്‍ക്കുന്നത് 2024 മെയ് 9 ലേക്ക് മാറ്റി.

നടന്മാര്‍ക്കെതിരെ ആദ്യമായി ഹരജി നല്‍കിയ വ്യക്തിയുടെ വിഷയത്തിലെ പ്രാതിനിധ്യം എങ്ങനെയാണെന്ന് തീരുമാനിക്കണമെന്ന് ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്റെ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. പ്രശസ്തരും നിരവധി അവാര്‍ഡുകള്‍ ലഭിച്ചതും സമൂഹത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നവരുമായ നടന്‍മാര്‍ ഗുഡ്ക കമ്പനികള്‍ക്ക് പരസ്യം നല്‍കുന്നതിനെ നിയമപരമായി തടയണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഒക്ടോബര്‍ 22ന് സര്‍ക്കാരിന് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും വിഷയത്തില്‍ നടപടിയുണ്ടായില്ലെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതിയലക്ഷ്യ ഹരജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് വിഷയത്തില്‍ നോട്ടീസ് അയച്ചു.

content highlights; Allahabad High Court issues notice to Shah Rukh Khan, Akshay Kumar and Ajay Devgn for appearing in advertisements of Gudka companies

We use cookies to give you the best possible experience. Learn more