അലഹബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അലഹബാദ് ഹൈക്കോടതിയുടെ നോട്ടീസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിലാണു നടപടി.
അന്ന് വാരാണസിയില്‍ നിന്നു മഹാസഖ്യ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച മുന്‍ ബി.എസ്.എഫ് ജവാന്‍ കൂടിയായ തേജ് ബഹാദൂറാണു ഹര്‍ജി നല്‍കിയത്. കേസിന്റെ അടുത്തവാദം അടുത്തമാസം 21-നു നടക്കും.
വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. എന്നാല്‍ ഇതു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ തേജ് ബഹാദൂര്‍ പിന്നീട് എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യ സ്ഥാനാര്‍ത്ഥിയായി പുതിയ പത്രിക നല്‍കുകയായിരുന്നു.
അകാരണമായാണു തന്റെ പത്രിക തള്ളിയതെന്നും അതിനാല്‍ മോദിയുടെ സ്ഥാനാര്‍ഥിത്വവും അസാധുവാക്കണമെന്നാണ് അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സൈന്യത്തിലെ അഴിമതി സാമൂഹ്യമാധ്യമത്തിലൂടെ വിളിച്ചുപറഞ്ഞതിന് 2017-ലാണ് തേജ് ബഹാദൂര്‍ യാദവിനെ ബി.എസ്.എഫ് പുറത്താക്കിയത്. ബി.എസ്.എഫിനു വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പോരായ്മകളെക്കുറിച്ചു പറഞ്ഞതിനായിരുന്നു ഈ നടപടി.
പ്രതിഷേധ സൂചകമായാണ് അദ്ദേഹം മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയായെത്തിയത്. ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ശാലിനി യാദവിന്റെ പത്രിക പിന്‍വലിച്ചായിരുന്നു മഹാസഖ്യം മുന്‍ സൈനികനെ മോദിക്കെതിരെ മത്സരിപ്പിച്ചത്.
പത്രിക തള്ളിയതു തെറ്റും സ്വേച്ഛാധിപത്യപരവുമാണെന്നായിരുന്നു അന്ന് തേജ് ബഹാദൂര്‍ പ്രതികരിച്ചത്. താന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അന്നദ്ദേഹം വ്യക്തമാക്കിയിരുന്നു.