ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പേരുവിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. 10 മണിക്കാണ് വാദം കേള്‍ക്കുക.
ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ സ്വമേധയ കേസെടുക്കുകയായിരുന്നു. കോടതി അവധി ദിവസമായ ഞായറാഴ്ച പതിവിന് വിപരീതമായാണ് കേസ് പരിഗണിക്കുന്നത്.
പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളുമാണ് ലക്നൗവിലെ പ്രമുഖ കവലകളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് സര്‍ക്കാര്‍
ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും പരസ്യബോര്‍ഡില്‍ പറയുന്നുണ്ട്.
കുറ്റാരോപിതര്‍ക്ക് വ്യക്തിപരമായി അറിയിപ്പ് നല്‍കിയത് കൂടാതെയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു സമീപനം.
കുറ്റാരോപണം നടത്തിയതിന് അപ്പുറത്തേക്ക് പല കേസുകളിലും കുറ്റം തെളിക്കാന്‍ ആവശ്യമായ ഒരു രേഖപോലും പൊലിസിന്റെ പക്കലില്ലെന്നിരിക്കെയാണ് ആരോപണവിധേയരെ പൊതുമധ്യത്തില്‍ ആക്ഷേപിക്കുന്ന തരത്തില്‍ ഇത്തരം പരസ്യപ്പലകകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്നത്.
ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകയുമായ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷോയിബ്, നാടകപ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ദരാപുരി എന്നിവരുടെ ഫോട്ടോയും വിവരങ്ങളുമാണ് പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ കുറ്റാരോപിതര്‍ രംഗത്തെത്തിയിരുന്നു.
കുറ്റാരോപിതര്‍ക്കെതിരെ വാദങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ അവര്‍ക്ക് ജാമ്യം നിഷേധിക്കുന്നത് തടയാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ