ന്യൂദല്‍ഹി: ഹത്രാസ് കേസില്‍ ഗൂഢാലോചന ആരോപിച്ച് സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന അതീഖ്-ഉര്‍-റഹ്മാനും അലഹബാദ് ഹൈക്കോടതി ജാമ്യമനുവദിച്ചു. ജസ്റ്റിസുമാരായ അട്ടാവു റഹ്മാന്‍ മസൂദി, രേണു അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജയിലിലായി രണ്ട് വര്‍ഷത്തിന് ശേഷമാണ് അദീഖിന് ജാമ്യം ലഭിച്ചത്.
ഹത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹത്രാസിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍, അതീഖ്-ഉര്‍-റഹ്മാന്‍, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം എന്നിവരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അദീഖ്, മസൂദ് എന്നിവര്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും മുഹമ്മദ് ആലം ഇവര്‍ യാത്ര ചെയ്ത കാറിന്റെ ഡ്രൈവറുമായിരുന്നു.
ജയില്‍വാസത്തിനിടെ അതീഖിന്റെ ശരീരം ഭാഗികമായി തളര്‍ന്നെന്ന് ആരോപിച്ച് നേരത്തെ കുടുംബം രംഗത്ത് വന്നിരുന്നു. 2021 നവംബറില്‍ ദല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(AIIMS) അതീഖ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനു ശേഷം കൃത്യമായ പരിചരണങ്ങള്‍ ലഭിക്കാത്തതാണ് അദീഖിന്റെ ആരോഗ്യനില വഷളാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.