| Monday, 19th April 2021, 8:35 pm

'നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടാകും, ഞങ്ങള്‍ക്ക് നോക്കിയിരിക്കാന്‍ പറ്റില്ല'; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് അഞ്ചിടത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ലക്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍ തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഉടന്‍ അടയ്ക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കോടതി നിര്‍ദേശിച്ചു.

‘മഹാമാരിക്കിടയില്‍ പൊതുജനങ്ങളുടെ നീക്കങ്ങളൊന്നും ശ്രദ്ധിക്കാതിരിക്കുന്നതില്‍ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും, എന്നുകരുതി നമുക്ക് കാഴ്ചക്കാരായി നോക്കി നില്‍ക്കാനാവില്ലല്ലോ. പൊതുജനാരോഗ്യമാണ് എല്ലാത്തിനെക്കാളും പ്രധാനം. ഒരു നിമിഷത്തില്‍ സംഭവിക്കുന്ന ഏത് തരം അലംഭാവവും ജനങ്ങളെ മോശമായി ബാധിക്കും.

കുറച്ചുപേരുടെ അശ്രദ്ധമൂലം പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളില്‍ നിന്ന് നിരപരാധികളെ രക്ഷിക്കാനുള്ള ഭരണഘടനാപരമായ കടമയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,’ കോടതി പറഞ്ഞു.

മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വിശ്രമിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ ചികിത്സയും ആശ്വാസവുമൊക്കെ വി.ഐ.പികള്‍ക്കും വി.വി.ഐ.പികള്‍ക്കുമായി ചുരുങ്ങുമെന്നും കോടതി വിമര്‍ശിച്ചു.

പ്രധാന നഗരങ്ങള്‍ അടച്ചിടാന്‍ പറഞ്ഞതിനൊപ്പം മറ്റു ചില നിര്‍ദേശങ്ങള്‍ കൂടി കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.

ആരോഗ്യ സേവന മേഖല, സാമ്പത്തിക വകുപ്പ് തുടങ്ങിയ അവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാ സര്‍ക്കാര്‍-സര്‍ക്കാരിതര മേഖലകളും ഏപ്രില്‍ 26 വരെ അടച്ചിടണം. നിയമവ്യവസ്ഥയ്ക്ക് അതിന്റേതായ വിവേചനാധികാരം ഉണ്ടെന്നും കോടതി പറഞ്ഞു.

എല്ലാ ഷോപ്പിംഗ് കോംപ്ലക്‌സുകളും മാളുകളും, കടകളും, വ്യവസായ സ്ഥാപനങ്ങളും അടച്ചിടണമെന്നും നിര്‍ദേശമുണ്ട്.

ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ തുടങ്ങി ഭക്ഷണം നല്‍കുന്ന ചെറിയ കടകള്‍ വരെ അടച്ചിടണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്. മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍ ആരാധനാലയങ്ങള്‍ എന്നിവയ്ക്കും വിലക്കുണ്ട്.

സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യുകളിലേക്ക് രോഗികളെ പ്രവേശിപ്പിക്കുന്നത് വി.ഐ.പികളുടെ ശുപാര്‍ശ അനുസരിച്ചാണെന്ന് മനസിലായിട്ടുണ്ട്. കൊവിഡിന് നല്‍കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡെസിവിന്‍ പോലും വി.ഐ.പികള്‍ പറയുന്നതനുസരിച്ചാണ് നല്‍കുന്നതാണെന്നും കോടതി പറഞ്ഞു.

വി.ഐ.പികള്‍ക്കും വി.വി.ഐ.പികള്‍ക്കും 12 മണിക്കൂറുകള്‍ക്കകം ആര്‍.ടി.പി.സി.ആര്‍ ഫലം വരുമ്പോള്‍ സാധാരണക്കാരന് ദിവസങ്ങള്‍ എടുത്താണ് ഫലം ലഭിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പോലും ഐസൊലേഷനിലാണെന്ന യാഥാര്‍ത്ഥ്യം മറന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Allahabad HC Slams Yogi Dispensation in covid 19 surge

We use cookies to give you the best possible experience. Learn more