ലക്‌നൗ: പൗരത്വ നിയമ പ്രതിഷേധക്കാരുടെ ചിത്രം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ അലഹാബാദ് ഹൈക്കോടതി. സംസ്ഥാനത്തേയും ജനങ്ങളേയും അപമാനിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാരിന്റേതെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുറും ജസ്റ്റിസ് രമേശ് സിംഹയും പറഞ്ഞു. ചിത്രങ്ങളെല്ലാം ഉടന്‍ പിന്‍വലിക്കണമെന്നും കോടതി ഉത്തരവിട്ടു.
പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളും ലക്നൗവില്‍ പലയിടത്തും പരസ്യമായി പ്രദര്‍ശിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും പരസ്യബോര്‍ഡില്‍ പറയുന്നുണ്ട്.
കുറ്റാരോപണം നടത്തിയതിന് അപ്പുറത്തേക്ക് പല കേസുകളിലും കുറ്റം തെളിക്കാന്‍ ആവശ്യമായ ഒരു രേഖപോലും പൊലിസിന്റെ പക്കലില്ലെന്നിരിക്കെയാണ് ആരോപണവിധേയരെ പൊതുമധ്യത്തില്‍ ആക്ഷേപിക്കുന്ന തരത്തില്‍ ഇത്തരം പരസ്യപ്പലകകള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്നത്.
ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകയുമായ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷോയിബ്, നാടകപ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ദരാപുരി എന്നിവരുടെ ഫോട്ടോയും വിവരങ്ങളുമാണ് പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ കുറ്റാരോപിതര്‍ രംഗത്തെത്തിയിരുന്നു.