'ഭക്ഷണം കഴിക്കാനുള്ള അവകാശത്തെ ആര്‍ക്കും തടയാനാകില്ല; അറവുശാലകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കണം'; യോഗി സര്‍ക്കാറിന് മൂക്കുകയറിട്ട് അലഹബാദ് ഹൈക്കോടതി
India
'ഭക്ഷണം കഴിക്കാനുള്ള അവകാശത്തെ ആര്‍ക്കും തടയാനാകില്ല; അറവുശാലകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കണം'; യോഗി സര്‍ക്കാറിന് മൂക്കുകയറിട്ട് അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th May 2017, 6:12 pm

ലഖ്‌നൗ: ലൈസന്‍സിന്റെ പേര് പറഞ്ഞ് സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടിക്ക് മൂക്കുകയറിട്ട് അലഹബാദ് ഹൈക്കോടതി. അറവുശാലകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ഭക്ഷണം കഴിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ എ.പി ഷാഹി, സഞ്ജയ് ഹര്‍ക്കോലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് പുതിയ ലൈസന്‍സ് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യം സ്വീകരിച്ചത് അറവുശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടിയാണ്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കും പൂട്ട് വീഴുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.


Also Read: ചരിത്രപരമായ വാഗ്ദാനം പാലിച്ച് കൊച്ചി മെട്രോ; ആദ്യഘട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സായ 23 പേര്‍ക്ക് ജോലി


പശുക്കടത്ത് തടയാനാണ് അനധികൃത അറവുശാലകള്‍ പൂട്ടുന്നതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. സര്‍ക്കാറിന്റെ നടപടിയ്‌ക്കെതിരെ ഇറച്ചി വ്യാപാരം നടത്തുന്നവര്‍ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഇതിനൊടുവിലാണ് വിഷയം കോടതിയിലെത്തിയത്.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ യോഗിആദിത്യനാഥ് സ്വന്തം മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ മാംസനിരോധനത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഒറ്റരാത്രി കൊണ്ട് അടച്ചു പൂട്ടിയത് നൂറോളം അറവുശാലകളാണ്. ബീഫിനു പുറമെ മീന്‍, ആട്ടിറച്ചി, കോഴി എന്നിവയും വില്‍ക്കുന്നത് നിരോധിച്ചിരുന്നു.


Don”t Miss: ‘പിച്ചയെടുക്കാതെ മകളെ പഠിപ്പിക്കണം’; ലോകം നമിച്ച ആ അച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നന്മയുടെ ട്വിസ്റ്റ്


ലൈസന്‍സ് പുതുക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു സര്‍ക്കാരിന്റെ നടപടി. ലൈസന്‍സ് പുതുക്കാത്തതിനാലാണ് നടപടി എന്നല്ലാതെ യാതൊരു വിശദീകരണവും അധികൃതര്‍ അറവുശാല ഉടമകള്‍ക്ക് നല്‍കിയിരുന്നില്ല. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിന് ശേഷമാണ് സംസ്ഥാനത്തെ അറവുശാലകള്‍ക്കെതിരെ വ്യാപകമായ നടപടികളുണ്ടാകുന്നത്.