| Saturday, 5th April 2025, 7:05 am

സവർക്കർ പരാമർശ കേസിൽ രാഹുൽ ഗാന്ധിക്ക് ഇളവ് നിഷേധിച്ച് അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വിനായക് ദാമോദർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇളവ് നൽകാൻ വിസമ്മതിച്ച്‌ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്.

2022 നവംബർ 17ന് മഹാരാഷ്ട്രയിലെ അകോള ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ സവർക്കറിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ മാനനഷ്ടക്കേസിലാണ് ഇളവ് നൽകാൻ കോടതി വിസമ്മതിച്ചത്. കേസിൽ വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് രാഹുൽ ഗാന്ധി ഇളവ് തേടിയിരുന്നു.

ഇളവ് നൽകുന്നത് നിഷേധിച്ച കോടതി രാഹുൽ ഗാന്ധിക്ക് സെഷൻസ് കോടതിയിൽ ഒരു റിവിഷൻ ഹരജി സമർപ്പിക്കാമെന്നും അതിനാൽ ഹൈക്കോടതി ഇപ്പോൾ ഇടപെടേണ്ടതില്ലെന്നും വിധിച്ചു. ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം.

രാഹുൽ ഗാന്ധി കേസിൽ തന്നെ വിളിച്ചുവരുത്താനുള്ള വിചാരണകോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌തു, കൂടാതെ തനിക്കെതിരായ നിലവിലുള്ള നടപടികളെയും എതിർത്തു.

രാഹുൽ ഗാന്ധിക്കെതിരായ പരാതിയിൽ പറയുന്ന ആരോപണങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 505 (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരം കുറ്റകരമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രാൻഷു അഗർവാൾ വാദിച്ചു.

എങ്കിലും കേസിനെക്കുറിച്ച് അഭിപ്രായം പറയാതെ ജസ്റ്റിസ് വിദ്യാർത്ഥി, സെഷൻസ് കോടതിയിൽ റിവിഷൻ ഹരജി ഫയൽ ചെയ്യാൻ രാഹുൽ ഗാന്ധിക്ക് ഓപ്ഷനുണ്ടെന്ന് പ്രസ്താവിച്ചു. കേസിൽ ഗാന്ധിക്ക് ഇളവ് നൽകാൻ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു.

ഭാരത് ജോഡോ റാലിക്കിടെ രാഹുൽ ഗാന്ധി സവർക്കറെ മനപൂർവ്വം അപമാനിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെയായിരുന്നു പരാതി നൽകിയത്.

സവർക്കറെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെന്ന് പരാതിക്കാരൻ ആരോപിച്ചു. ഈ പരാമർശങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി സംപ്രേഷണം ചെയ്തതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിന്റെ വാദം കേൾക്കൽ നടക്കുന്നത്. കേസിൽ അടുത്ത വാദം കേൾക്കൽ ഏപ്രിൽ 14ന് നടക്കും.

Content Highlight: Allahabad HC denies relief to Rahul Gandhi in Savarkar remarks case

We use cookies to give you the best possible experience. Learn more