കടുവകളെ തകര്‍ത്ത് അഫ്ഗാന്‍ സിംഹം; എറിഞ്ഞ് വീഴ്ത്തിയത് ഇരട്ട റെക്കോഡ്
Sports News
കടുവകളെ തകര്‍ത്ത് അഫ്ഗാന്‍ സിംഹം; എറിഞ്ഞ് വീഴ്ത്തിയത് ഇരട്ട റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th November 2024, 4:27 pm

കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 92 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 49.4 ഓവറില്‍ 235 റണ്‍സാണ് ടീമിന് നേടാന്‍ സാധിച്ചത്. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിനെ 34.4 ഓവറില്‍ വെറും 143 റണ്‍സിന് തകര്‍ക്കുകയായിരുന്നു അഫ്ഗാനിസ്ഥാന്‍.

മറുപടിക്ക് ഇറങ്ങിയ കടുവകള്‍ക്ക് വേണ്ടി നജ്മല്‍ ഹൊസൈന്‍ ഷാന്റോ 47 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ 33 റണ്‍സ് നേടി സൗമ്യ സര്‍ക്കാരും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

അല്ലാഹ് ഗസന്‍ഫാര്‍ നേടിയ ഇരട്ട റെക്കോഡ്

അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് അല്ലാഹ് ഗസന്‍ഫാര്‍ ആണ്. 6.3 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 26 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം നേടിയത്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും നേടി മികച്ചു നിന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ ഒരു അഫ്ഗാനിസ്ഥാന്‍ താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് ഫിഗറാണിത്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ റാഷിദ് ഖാന്‍ 7/18 എന്ന മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്.

മാത്രമല്ല 50 ഓവര്‍ ഫോര്‍മാറ്റില്‍ 19 വയസ് തികയുന്നതിന് മുമ്പ് ആറ് വിക്കറ്റ് വീഴ്ത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമാകാനും അല്ലാഹ് ഗസന്‍ഫറിന് സാധിച്ചു. പാകിസ്ഥാന്റെ വഖാര്‍ യൂനിസാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍ രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് 84 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് (79 പന്ത്). ഹഷ്മത്തുള്ള ഷാഹിദി 52 (92) റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. ബംഗ്ലാ കടുവകള്‍ക്ക് വേണ്ടി തസ്‌കിന്‍ അഹമ്മദ് നാല് വിക്കറ്റും മുസ്തഫിസൂര്‍ റഹ്‌മാന്‍ നാല് വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.

 

Content Highlight: Allah Ghazanfar In Double Record Achievement Against Bangladesh