ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ്സില്‍ ജൂറി ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
Film News
ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ്സില്‍ ജൂറി ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st December 2024, 1:51 pm

2024ലെ ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ്സില്‍ (APSA) ജൂറി ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ശനിയാഴ്ച ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ചടങ്ങിലാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്.


അന്താരാഷ്ട്ര തലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച സിനിമയാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. ഈ വര്‍ഷം ആദ്യം നടന്ന 77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം രചിച്ച ഈ ചിത്രം, ഗ്രാന്‍ഡ് പ്രിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരുന്നു.

കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ മുംബൈയിലെ രണ്ട് മലയാളി നേഴ്‌സുകളുടെ കഥയാണ് പറയുന്നത്. നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ചിത്രം ഈയിടെ തിയേറ്ററുകളിലെത്തിയിരുന്നു.

ഇന്ത്യ- ഫ്രാന്‍സ് ഔദ്യോഗിക സഹനിര്‍മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രാന്‍സിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് & ചീസ്, അനതര്‍ ബര്‍ത്ത് എന്നീ ബാനറുകള്‍ ചേര്‍ന്നാണ്.

റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആയിരുന്നു ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ഇന്ത്യയില്‍ റിലീസ് ചെയ്തത്. ‘പ്രഭയായ് നിനച്ചതെല്ലാം’ എന്നാണ് ചിത്രത്തിന് മലയാളത്തില്‍ നല്‍കിയിരിക്കുന്ന പേര്.

അതേസമയം തിയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയിലെ ഒരു സീനിനെ കുറിച്ച് മലയാളിസമൂഹത്തെ ഒന്നാകെ നാണം കെടുത്തുന്ന രീതിയിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തില്‍ ദിവ്യ പ്രഭയുടെ കഥാപാത്രത്തിന്റെ അര്‍ദ്ധനഗ്‌നരംഗം ഉണ്ടെന്നുള്ളതായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് കാരണമായത്.

Content Highlight: All We Imagine As Light Wins Jury Grand Prize at Asia Pacific Screen Awards