മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ 2024ലെ തന്റെ ഇഷ്ടചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സിനിമയുടെ യശസുയര്‍ത്തിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും പട്ടികയിലുണ്ട്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ പ്രി നേടിയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് തിളങ്ങിയത്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന്റെ ഫൈനല്‍ നോമിനേഷനിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. കനി കുസൃതിയും ദിവ്യ പ്രഭയുമാണ് ചിത്രത്തിലെ പ്രധാനവേഷത്തിലെത്തിയത്.
‘ഈ വര്‍ഷത്തെ എന്റെ ഇഷ്ടചിത്രങ്ങള്‍ നിങ്ങള്‍ക്കായി റെക്കമെന്‍ഡ് ചെയ്യുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഒബാമ ലിസ്റ്റ് പുറത്തുവിട്ടത്. പത്ത് ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് പുറമെ കോണ്‍ക്ലേവ്, ദ സീഡ് ഓഫ് എ സേക്രഡ് ഫിഗ്, ദ പ്രോമിസ് ലാന്‍ഡ്, ദ പിയാനോ ലെസണ്‍, ഡിഡി, ഷുഗര്‍കേന്‍, ഡ്യൂണ്‍ പാര്‍ട്ട് 2, അനോര, ദ കംപ്ലീറ്റ് അണ്‍നോണ്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
ഈ വര്‍ഷം പല അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികളില്‍ തിളങ്ങുകയും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്ത ചിത്രങ്ങളാണ് ഇവ. തങ്ങളുടെ ഇഷ്ടചിത്രങ്ങള്‍ ലിസ്റ്റില്‍ ചേര്‍ത്തതിന് പലരും ഒബാമക്ക് നന്ദി അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇത്രയും അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ക്കിടയില്‍ സിനിമകള്‍ നിര്‍ദേശിക്കുന്നതിനെ വിമര്‍ശിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.
മുംബൈ നഗരത്തിലെ രണ്ട് മലയാളി നേഴ്സുകളുടെ കഥയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സംസാരിക്കുന്നത്. അസീസ്, ഛായാ ഖദം, ഹൃദു ഹാറൂണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തോമസ് ഹക്കിം, ജൂലിയന്‍ ഗ്രാഫ് (പെറ്റിറ്റ് കായോസ്), സീക്കോ മൈത്ര (ചാക്ക് ആന്‍ഡ് ചീസ് ഫിലിംസ്), രണബീര്‍ ദാസ് (അനദര്‍ ബര്‍ത്) എന്നിവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി പായല്‍ കപാഡിയക്കൊപ്പം സഞ്ചരിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: All We Imagine as Light takes place in Barack Obama’s favorite movies of 2024