30 വര്‍ഷത്തിന് ശേഷം ഇതാദ്യം, കാനില്‍ തിളങ്ങാന്‍ ഇന്ത്യന്‍ ചിത്രം ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്
Film News
30 വര്‍ഷത്തിന് ശേഷം ഇതാദ്യം, കാനില്‍ തിളങ്ങാന്‍ ഇന്ത്യന്‍ ചിത്രം ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th April 2024, 11:03 am

ഇന്ത്യന്‍ സിനിമക്ക് അഭിമാനിക്കാന്‍ പുതിയൊരു ചിത്രം കൂടി. പായല്‍ കപാഡിയ സംവിധാനം ചെയ്യുന്ന ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രമാണ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പായലിന്റെ ആദ്യ സംവിധാനസംരഭമാണിത്.

1994ല്‍ റിലീസായ സ്വം ആണ് ഇതിന് മുമ്പ് കാനില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ഇന്ത്യന്‍ ചിത്രം. ഷാജി.എന്‍.കരുണാണ് സ്വം സംവിധാനം ചെയ്തത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചത്. ചിത്രത്തെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ബോംബൈയിലെ രണ്ട് നേഴ്‌സുമാരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇതിനു മുമ്പ് പായല്‍ സംവിധാനം ചെയ്ത എ നൈറ്റ് ഗോയിങ് നത്തിങ് എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം ലഭിച്ചിരുന്നു.

ലോകപ്രശസ്ത സംവിധായകരായ യാര്‍ഗോസ് ലാന്തിമോസ്, ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള, പോള്‍ ഷ്രെയ്ഡര്‍, ഷോണ്‍ ബക്കര്‍, മോഗ്നസ് വോണ്‍ ഹോണ്‍ എന്നിവരുടെ സിനിമകളോടൊപ്പമാണ് പായലിന്റെ ചിത്രവും മത്സരിക്കുന്നത്.

ബാര്‍ബി, ലേഡിബേര്‍ഡ് എന്നീ ചിത്രങ്ങളൊരുക്കിയ ഗ്രേറ്റ ഗെര്‍വിഗാണ് ഫെസ്റ്റിവലിന്റെ ജൂറി അദ്ധ്യക്ഷ. മെയ് 14 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്. ചേതന്‍ ആനന്ദ് സംവിധാനം ചെയ്ത് 1946ല്‍ പുറത്തിറങ്ങിയ നീച നഗര്‍ ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം നേടിയിരുന്നു.

Content Highlight: All We Imagine as Light selected for Cannes film festival competition