| Saturday, 18th February 2023, 12:02 pm

എല്ലാം കാത്തിരുന്ന് കാണുക; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെയും ശശി തരൂരിനെയും കുറിച്ചുമുള്ള ചോദ്യങ്ങളില്‍ സസ്‌പെന്‍സുമായി കെ.സി.വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രവര്‍ത്തക സമിതിയിലേക്ക് നോമിനേഷനോ, തെരഞ്ഞെടുപ്പോ എന്നത് കാത്തിരുന്ന് കാണണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സംഘടനയെ കെട്ടുറപ്പാക്കുന്നതിനുള്ള സമഗ്രമായ പരിശ്രമം ഉണ്ടാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാര്‍ട്ടി മാറ്റത്തിന്റെ പാതയിലാണെന്നും ഭാരത് ജോഡോ യാത്ര ഉയര്‍ത്തിയ ആവേശത്തില്‍ നിന്ന് ഞങ്ങള്‍ നേരേ പ്ലീനറിയിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തരൂരിനെ പരിഗണിക്കുമോ എന്ന ചോദ്യത്തിനും കാത്തിരുന്ന് കാണാമെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി.

‘പ്രവര്‍ത്തക സമിതിയിലേക്ക് നോമിനേഷനോ, തെരഞ്ഞെടുപ്പോ എന്നത് കാത്തിരുന്ന് കാണണം. പ്ലീനറി സമ്മേളനത്തോടെ സംഘടനാസംവിധാനത്തില്‍ സമഗ്രമായ മാറ്റമുണ്ടാകും. പാര്‍ട്ടി മാറ്റത്തിന്റെ പാതയിലാണ്. ഭാരത് ജോഡോ യാത്ര ഉയര്‍ത്തിയ ആവേശത്തില്‍ നിന്ന് ഞങ്ങള്‍ നേരേ പ്ലീനറിയിലേക്ക് പോകുകയാണ്. എല്ലാ കാര്യങ്ങളും ഞങ്ങള്‍ അറിയിക്കും. ബാക്കി കാര്യങ്ങള്‍ കാത്തിരുന്ന് കാണുക.

ഞങ്ങള്‍ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് കൊണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും, രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സമഗ്രമായി ചര്‍ച്ച ചെയ്യും,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രവര്‍ത്തക സമിതിയിലേക്കുള്ള നോമിനേഷന്‍ രീതിയെ എതിര്‍ത്ത് പ്രിയങ്ക ഗാന്ധി രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. പാര്‍ട്ടി സ്ഥാനങ്ങളില്‍ ഒരാള്‍ക്ക് ഒരു പദവി നിര്‍ബന്ധമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തക സമിതിയിലേക്ക് മത്സരമുണ്ടായാല്‍ അത് പാര്‍ട്ടിയെ ദോഷമായി ബാധിക്കില്ലെന്ന് കെ.മുരളീധരനും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിച്ചു. മത്സരം പാര്‍ട്ടിയുടെ കെട്ടുറപ്പിന് ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അത് കൊണ്ട് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാലും അത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തക സമിതിയിലെ തെരഞ്ഞെടുപ്പിലേക്ക് ദളിതായത് കൊണ്ടും കേരളമായത് കൊണ്ടും തന്നെ പരിഗണിക്കുന്നില്ലെന്ന ആരോപണവുമായി കൊടിക്കുന്നില്‍ സുരേഷ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മറ്റേതെങ്കിലും സംസ്ഥാനമായിരുന്നെങ്കില്‍ തന്നെ പരിഗണിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെയും എ.കെ.ആന്റണിയുടെയും ഒഴിവുകളാണുള്ളത്.

content highlight: All wait and see; KC Venugopal with suspense on questions about Congress Working Committee and Shashi Tharoor

We use cookies to give you the best possible experience. Learn more