| Saturday, 5th February 2022, 12:56 pm

സ്വപ്‌നയുടെ പേരില്‍ വന്ന ശബ്ദ സന്ദേശമെല്ലാം സ്‌ക്രിപ്റ്റിന്റെ ഭാഗം, മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന ശബ്ദ രേഖയിലെ ഗൂഢാലോചന അന്വേഷിക്കണം: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുറിച്ച് കുറ്റാരോപിത സ്വപ്‌ന സുരേഷ് പുറത്ത് വിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഒഫീസ് തന്നെയായിരുന്നുവെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസായ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ, രാജ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക അഴിമതി ഒക്കെ വളരെ ഭംഗിയായി നിര്‍വഹിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ പങ്കില്ലെന്ന് കാണിക്കാന്‍ സ്വപ്‌നയുടെ പേരില്‍ വന്ന സന്ദേശം കെട്ടിച്ചമച്ചതാണെന്നും നേരത്തെ നല്‍കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തില്‍ വന്നതാണെന്നും വ്യക്തമായി. മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താന്‍ പൊലീസ് സംവിധാനം ഉപയോഗിച്ച ശ്രമവും പുറത്തുവന്നു. അതിനുവേണ്ടി നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സ്വന്തം ഓഫീസില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ അവിശ്വസനീയമാണ്. ഇതെല്ലാം പ്രതിപക്ഷം നേരത്തെ ആരോപിച്ചതാണ്. അന്ന് പരിഹസിച്ചത് മുഴുവന്‍ ഇന്ന് ശരിയാണെന്ന് അടിവരയിട്ട് പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പെട്ടെന്ന് കേസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ അവിശുദ്ധ ധാരണയുണ്ടാക്കി. അതിന്റെ പുറകിലുണ്ടായ ഗൂഢാലോചനയും പുറത്തുവരുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ എഴുതിയെങ്കില്‍ അത് മോശമാണെന്ന് സ്വപ്ന സുരേഷ് നേരത്തെ പറഞ്ഞിരുന്നു

ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. താന്‍ ശിവശങ്കറിനെ ചതിച്ചിട്ടില്ല. ഐ ഫോണ്‍ നല്‍കി ഐ.എ.എസ് ഉദ്യോഗസ്ഥനെ ചതിക്കേണ്ട കാര്യമില്ല. അതിനു മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ എല്ലാം തന്റെ തലയില്‍ വെച്ച് എല്ലാവരും പോയി. അത് ആരാണെന്ന് പിന്നീട് മനസിലാകും. അതൊക്കെ കോടതിയുടെ പരിധിയിലുള്ള കാര്യമാണ്. കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.


Content Highlights: All voice messages in the name of Swapna are part of the script,: VD Satheesan

Latest Stories

We use cookies to give you the best possible experience. Learn more