| Tuesday, 23rd May 2023, 1:33 pm

ക്ഷേത്രങ്ങള്‍ ആയുധ പരിശീലനത്തിന് ഉപയോഗിക്കാന്‍ സംഘപരിവാറിന് എന്തവകാശം; ദേവസ്വം ബോര്‍ഡിനെ പിന്തുണച്ച് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ ആവശ്യങ്ങള്‍ക്കാണെന്നും ക്ഷേത്ര പരിസരങ്ങള്‍ ആയുധ പരിശീലനത്തിന് ഉപയോഗിക്കരുതെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലറിനെ പിന്തുണക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങള്‍ പരിപാവനമായ സ്ഥലങ്ങളാണെന്നും അത്തരം സ്ഥലങ്ങളെ ആളുകള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്ന ഇടങ്ങളാക്കി മാറ്റുന്നതിനെ പൂര്‍ണമായി എതിര്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘തിരുവിതാംകൂര്‍ ദേവസ്വം 2021 മുതല്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ആര്‍.എസ്.എസ് നിയമം ലംഘിച്ച് മുന്നോട്ടുപോകുകയാണ്. സംഘപരിവാര്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് ഉത്പാദിപ്പിക്കുകയും അവരെ വിഭജിക്കാന്‍ ശ്രമിക്കുകയുമാണ്. ക്ഷേത്ര പരിസരങ്ങള്‍ ഒരിക്കലും ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടരുത്.

ആര്‍.എസ്.എസിന് ഇവിടങ്ങളില്‍ എങ്ങനെയാണ് അനുവാദം ലഭിക്കുന്നത്. അത്തരം സ്ഥലങ്ങളിലെ ആയുധ പരിശീലനം ഏതുവിധേനയും എതിര്‍ക്കപ്പെടണം. കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും സംഘപരിവാര്‍ സംഘടനകള്‍ക്ക് എതിരാണ്.

അവര്‍ക്ക് ആകെ കിട്ടുന്നത് പത്ത് ശതമാനം വോട്ടാണ്. ക്ഷേത്രങ്ങള്‍ ആയുധ പരിശീലനത്തിന് ഉപയോഗിക്കാന്‍ സംഘപരിവാറിന് എന്തവകാശം? അതിനാല്‍ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലറിനെ ശക്തമായി പിന്തുണക്കുകയാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ആചാരങ്ങളും ചടങ്ങുകളും അല്ലാതെ മറ്റൊരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും ബോര്‍ഡിന്റെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

വിലക്ക് ലംഘിച്ച് ശാഖയുടെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം. ക്ഷേത്ര പരിസരത്ത് ആയുധ-കായിക പരിശീലനം അനുവദിക്കില്ല. ക്ഷേത്രത്തിലെ ചടങ്ങുമായി ബന്ധമില്ലാത്ത പ്രവര്‍ത്തികള്‍ അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ അകത്തോ പുറത്തോ യാതൊരു വിധത്തിലുള്ള കൊടിതോരണങ്ങളും അനുവദിക്കില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

content highlights: All types of drills and practices should be prevented in the premises of the temple: vd satheeshan

We use cookies to give you the best possible experience. Learn more