കെ.ജി.എഫിനെ തകര്‍ത്ത് കൊത്ത; ട്രെയ്‌ലറിന് സര്‍വകാല റെക്കോഡ്
Film News
കെ.ജി.എഫിനെ തകര്‍ത്ത് കൊത്ത; ട്രെയ്‌ലറിന് സര്‍വകാല റെക്കോഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th August 2023, 4:05 pm

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയുടെ ട്രെയ്‌ലര്‍ റിലീസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. മലയാളത്തില്‍ റിലീസ് ചെയ്ത സിനിമ ട്രെയ്‌ലറുകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ലൈക്കുകളുടെ എണ്ണത്തിലും എതിരാളികളെ നിഷ്പ്രഭമാക്കി കൊത്തയിലെ രാജാവും സംഘവും കുതിച്ചു പായുകയാണ്. 24 മണിക്കൂറിനുള്ളില്‍ 13 മില്യണില്‍പ്പരം കാഴ്ചക്കാരും 258K ലൈക്കുമാണ് യൂട്യൂബില്‍ ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിച്ചത്. ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതാണ് കൊത്തയിലെ ട്രെയ്‌ലറും.

കെ.ജി.എഫ് 2 മലയാളം ട്രെയ്‌ലറിനായിരുന്നു ഇതിന് മുന്നേ ഏറ്റവുമധികം കാഴ്ച്ചക്കാര്‍ ലഭിച്ച റെക്കോഡ് ഉണ്ടായിരുന്നത്. 7.3 മില്യണ്‍ കാഴ്ച്ചക്കാരാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് 24 മണിക്കൂറില്‍ ലഭിച്ചിരുന്നത്. എഴ് മണിക്കൂറില്‍ തന്നെ 7.5 മില്യണ്‍ കാഴ്ചക്കാരുമായി ഈ റെക്കോഡ് കൊത്ത തകര്‍ത്തിരുന്നു. 24 മണിക്കൂറില്‍ കെ.ജി.എഫ് 2വിനെക്കാള്‍ ഇരട്ടിയോളം കാഴ്ച്ചക്കാരെയാണ് കിങ് ഓഫ് കൊത്ത നേടിയത്.

വന്‍ വരവേല്‍പ്പാണ് കിങ് ഓഫ് കൊത്ത കരസ്ഥമാക്കുന്നത്. ചിത്രത്തിലെ കലാപകാര എന്ന ഗാനം 6 മില്യണില്‍പ്പരം കാഴ്ചക്കാരുമായി ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രം ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ദുല്‍ഖര്‍ സല്‍മാനൊപ്പം ഐശ്വര്യ ലക്ഷ്മി, ഡാന്‍സിങ് റോസ് ഷബീര്‍, പ്രസന്ന, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, വി.എഫ്.എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, പി. ആര്‍.ഓ: പ്രതീഷ് ശേഖര്‍.

Content Highlight: All time record for the trailer of king of kotha