സി.പി.ഐ.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണ്: ജില്ല സമ്മേളനത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ വിശദീകരണവുമായി പി.എന്‍. ബാലകൃഷ്ണന്‍
Kerala News
സി.പി.ഐ.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണ്: ജില്ല സമ്മേളനത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ വിശദീകരണവുമായി പി.എന്‍. ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th December 2021, 4:01 pm

കൊച്ചി: സി.പി.ഐ.എം എറണാകുളം ജില്ല സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയതിന് വിശദീകരണവുമായി സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം പി.എന്‍. ബാലകൃഷ്ണന്‍. സി.പി.ഐ.എമ്മുമായുള്ള എല്ലാ ബന്ധവും താന്‍ ഉപേക്ഷിക്കുകയാണെന്ന് പി.എന്‍. ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പ്രവര്‍ത്തകരെ പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അങ്ങനെ ഒഴിവാക്കുന്നതിന് ഒരുകാരണം വേണം. പറയത്തക്ക കാരണമില്ലാതെയാണ് തന്നെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.

എന്താണ് കാരണമെന്ന് പാര്‍ട്ടി സെക്രട്ടറിയോട് ചോദിച്ചിട്ട് മറുപടിയൊന്നും കിട്ടിയില്ല.

സി.പി.ഐ.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായത്. മോഹനന്റെ വീഴ്ചകള്‍ താന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ സൂചിപ്പിച്ചിരുന്നെന്നും പി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.

51 വര്‍ഷമായി സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അത്രയും നാള്‍ തന്റെ പേരില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഇനി പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടിയുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനില്ലെന്നും ഇനിയുള്ള കാലം കൃഷിയൊക്കെ നോക്കി പാര്‍ട്ടി അനുഭാവിയായി തുടരാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പുതിയ ജില്ല കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പി.എന്‍ ബാലകൃഷ്ണന്‍ ഇറങ്ങിപോയിരുന്നത്. പുതിയ ജില്ലാ കമ്മിറ്റിയില്‍ തന്റെ പേരില്ലെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു പി.എന്‍ ബാലകൃഷ്ണന്റെ പ്രതിഷേധമുണ്ടായത്.

കോടിയേരി ബാലകൃഷ്ണന്‍ ഇരുന്ന വേദിയിയിലെത്തി പ്രതിഷേധം അറിയിച്ചാണ് ബാലകൃഷ്ണന്‍ ഇറങ്ങിപോയത്. അതേസമയം, ബാലകൃഷ്ണന്‍ പ്രതിഷേധിച്ച് ഇറങ്ങിപോയിട്ടില്ലെന്നാണ് ജില്ല സെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞത്. കമ്മിറ്റിയില്‍ നിന്ന് ആളുകള്‍ ഒഴിവാകുന്നത് സ്വാഭാവികമാണ്. അല്ലെങ്കില്‍ പുതിയ ആളുകള്‍ക്ക് അവസരം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: All ties with the CPIM are being abandoned: PN Balakrishnan