പ്ലേ ഓഫിലെ മറ്റ് മൂന്ന് ടീമുകളും ഇവരെ പേടിക്കണം; ഫാന്‍ ഫേവറിറ്റ് ടീമിനെ കുറിച്ച് വമ്പന്‍ നിരീക്ഷണവുമായി ഇര്‍ഫാന്‍ പത്താന്‍
IPL
പ്ലേ ഓഫിലെ മറ്റ് മൂന്ന് ടീമുകളും ഇവരെ പേടിക്കണം; ഫാന്‍ ഫേവറിറ്റ് ടീമിനെ കുറിച്ച് വമ്പന്‍ നിരീക്ഷണവുമായി ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th May 2022, 6:29 pm

ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കാനിരിക്കെ സൂപ്പര്‍ ടീമിനെ കുറിച്ച് വമ്പന്‍ നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍ പ്രവേശിച്ച എല്ലാവരും റോയല്‍ ചാലഞ്ചേഴ്‌സിനെ പേടിക്കണമെന്നായിരുന്നു പത്താന്‍ പറഞ്ഞത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ലൈവിലായിരുന്നു പത്താന്‍ ഇക്കാര്യം പറഞ്ഞത്.

‘ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് റോയല്‍ ചാലഞ്ചേഴ്‌സ് പ്ലേ ഓഫില്‍ പ്രവേശിക്കുന്നത്. ബാക്കിയുള്ള ടീമുകള്‍ അവരെ ഭയപ്പെടുക തന്നെ വേണം. കഴിഞ്ഞ മത്സരത്തിലെ വമ്പന്‍ ജയത്തിന് പിന്നാലെയാണ് അവര്‍ പ്ലേ ഓഫിലെത്തിയിരിക്കുന്നത്.

വിരാട് തന്റെ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഇതാണ് ടീമിന്റെ ഏറ്റവും വലിയ പോസിറ്റീവ്. അവന്‍ തന്റെ റിഥം കണ്ടെത്തിയതായി തോന്നുന്നു.

കഴിഞ്ഞ മത്സരത്തിലെ അവന്റെ മാച്ച് വിന്നിംഗ് പ്രകടനം ടീമിന് ഉറപ്പായും ഗുണം ചെയ്യും. മറ്റ് താരങ്ങളും അവരുടെ മാക്‌സിമം പുറത്തെടുക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ആര്‍.സി.ബിയെ കുറച്ചുകാണാനാവില്ല,’ പത്താന്‍ പറഞ്ഞു.

ഫാഫും സംഘവും മറ്റ് ടീമുകളെ നിഷ്പ്രഭമാക്കുമെന്നുതന്നെയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഗ്രെയം സ്വാനും വിശ്വസിക്കുന്നത്. ആര്‍.സി.ബി അവസാനമായിട്ടാണ് പ്ലേ ഓഫിലെത്തിയതെങ്കിലും അവര്‍ക്ക് എല്ലാവരേയും അത്ഭുതപ്പെടുത്താന്‍ സാധിക്കുമെന്നും സ്വാന്‍ പറഞ്ഞു.

അവസാനക്കാരായാണ് റോയല്‍ ചാലഞ്ചേഴ്‌സ് പ്ലേ ഓഫില്‍ പ്രവേശിച്ചത്. ദല്‍ഹി ക്യാപ്പിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ പന്തും സംഘവും തോറ്റുമടങ്ങിയതോടെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് പ്ലേ ഓഫില്‍ കടന്നത്.

14 മത്സരത്തില്‍ നിന്നും 8 വിജയം നേടി പോയിന്റ് പട്ടികയില്‍ നാലാമതായാണ് ബെംഗളൂരു പ്ലേ ഓഫിലെത്തിയത്.

ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് ആര്‍.സി.ബിക്ക് നേരിടാനുള്ളത്. ഇതില്‍ വിജയിച്ചാല്‍ ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടവരേയും നേരിടണം.

രണ്ട് മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ റോയല്‍ ചാലഞ്ചേഴ്‌സിന് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

 

Content Highlight:  All three franchises will be afraid of Royal Challengers Bangalore – Irfan Pathan