'സംവരണത്തിലൂടെ പ്രവേശനം നേടിയവരെല്ലാം ഗുണ്ടകളാണ്'; വിവാദ പരാമര്‍ശവുമായി കാസര്‍ഗോഡ് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍; പ്രതിഷേധവുമായി സംഘടനകള്‍
Kerala News
'സംവരണത്തിലൂടെ പ്രവേശനം നേടിയവരെല്ലാം ഗുണ്ടകളാണ്'; വിവാദ പരാമര്‍ശവുമായി കാസര്‍ഗോഡ് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍; പ്രതിഷേധവുമായി സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th February 2023, 1:07 pm

കാസര്‍ഗോഡ്: സംവരണത്തിലൂടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെല്ലാം പ്രശ്‌നക്കാരാണെന്ന വിവാദപരാമര്‍ശവുമായി കാസര്‍ഗോഡ് ഗവ.കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ എം. രമ. കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ട സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് രമയെ മാറ്റിയിട്ട് ദിവസങ്ങള്‍ മാത്രമേ പിന്നിട്ടുള്ളു. പിന്നാലെയാണ് കോളേജില്‍ സംവരണം വഴി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെല്ലാം പ്രശ്‌നക്കാരാണെന്നും ഗുണ്ടകളാണന്നുമുള്ള ജാതി അധിക്ഷേപം കെ. രമ നടത്തിയത്.

’97 ശതമാനം മാര്‍ക്ക് കിട്ടിയാലേ കോളേജില്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കുള്ളൂ. ഈ 97 ശതമാനത്തില്‍ ഗുണ്ടകളുണ്ടാകില്ല. അവരൊക്കെ പഠിക്കാന്‍ വരുന്ന കുട്ടികളാണ്. കോളേജിലെ അഞ്ച് ശതമാനത്തില്‍ താഴെ വരുന്ന കുട്ടികളാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്. അവരൊക്കെ മാര്‍ക്ക് കുറഞ്ഞ് റിസര്‍വേഷനില്‍ വരുന്ന കുട്ടികളായിരിക്കും,’ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ.രമ പറഞ്ഞു.

ഗുണ്ടകള്‍, കഞ്ചാവിന് അടിമകള്‍, സദാചാര വിരുദ്ധര്‍ തുടങ്ങിയ പ്രയോഗങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുന്‍ പ്രിന്‍സിപ്പാള്‍ ഉപയോഗിച്ചിട്ടുള്ളത്.

ജാതി അധിക്ഷേപം കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകളെയും പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും രമ നടത്തിയിട്ടുണ്ട്.

സംവരണത്തിന് അര്‍ഹമായ വിദ്യാര്‍ത്ഥികളെ മോശമായി ചിത്രീകരിച്ചതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. ജാതി അധിക്ഷേപത്തിനതിരെ എസ്.സി, എസ്.ടി നിയമപ്രകാരം പരാതി നല്‍കുമെന്ന് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്നും ഇതില്‍ കര്‍ശന നടപടി വേണമെന്നും പട്ടിക ജാതി ക്ഷേമ സമിതി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മുന്‍ പ്രിന്‍സിപ്പാളിനെതിരെ നടപടി എടുക്കണമെന്ന് ആദിവാസി ക്ഷേമ സമിതിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കെ.രമ പരാതി ഉന്നയിച്ചിരുന്നു. കോളേജിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദ്യം ചെയ്തതിന് തനിക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് കെ. രമ പറഞ്ഞു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.

കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാളിനെ കാണാന്‍ വന്ന വിദ്യാര്‍ത്ഥികളെ രമ പ്രിന്‍സിപ്പാള്‍ ചേംബറില്‍ പൂട്ടിയിട്ടിരുന്നു. ഇതില്‍ കടുത്ത പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് രമയെ കഴിഞ്ഞ ദിവസമാണ് പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.

ഇതിന് മുന്നേയും വിദ്യാര്‍ത്ഥികളോട് ഇത്തരം രീതിയില്‍ രമ പെരുമാറിയതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വരുന്നുണ്ട്. നേരത്തേ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

content highlight: ‘All those admitted through reservation are goons’; Kasargod Govt College Ex-Principal With Controversial Remarks; Organizations protest