ഫുട്ബോൾ അറിയാത്തവരാണ് ഈ ഗോളൊക്കെ അനുവദിച്ചു കൊടുക്കുന്നത്; സിറ്റി-യുണൈറ്റഡ് മത്സരത്തിൽ വ്യാപക വിമർശനം
football news
ഫുട്ബോൾ അറിയാത്തവരാണ് ഈ ഗോളൊക്കെ അനുവദിച്ചു കൊടുക്കുന്നത്; സിറ്റി-യുണൈറ്റഡ് മത്സരത്തിൽ വ്യാപക വിമർശനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th January 2023, 5:55 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ഏറ്റവും പ്രശസ്തവും ആവേശകരവുമായ മത്സരങ്ങളാണ് മാഞ്ചസ്റ്റർ ഡാർബി. മാഞ്ചസ്റ്റർ നഗരത്തിലെ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും,മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരങ്ങളാണ് മാഞ്ചസ്റ്റർ ഡാർബി എന്ന പേരിൽ പ്രശസ്തമായത്.

ശനിയാഴ്ച യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോർഡിൽ നടന്ന ഡെർബി മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ചുവന്ന ചെകുത്താൻമാർ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ജയിച്ചു കയറിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരം അറുപത് മിനിട്ട് പിന്നിട്ടപ്പോൾ ജാക്ക് ഗ്രീലിഷിന്റെ ഗോളിൽ സിറ്റിയാണ് മത്സരത്തിൽ ആദ്യം ഗോൾ സ്വന്തമാക്കിയത്. എന്നാൽ 78,82 മിനിട്ടുകളിൽ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്, ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോർഡ് എന്നിവർ നേടിയ ഗോളുകളിൽ യുണൈറ്റഡ് മത്സരം കൈവശപ്പെടുത്തുകയായിരുന്നു.

എന്നാൽ മത്സര ശേഷം യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളിനെ ചൊല്ലി നിരവധി വിമർശങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം നടക്കുന്നത്.

കസമീറോ നൽകിയ ത്രൂ പാസ് നേടാനായി റാഷ്‌ഫോർഡും ബ്രൂണോയും രണ്ടു വിങ്ങുകളിൽ നിന്നും ഓടിയെത്തുകയായിരുന്നു. താൻ ഓഫ്‌സൈഡ് ആണെന്ന സംശയം കാരണം പന്തിനായി ഓടുന്നതിനിടയിൽ ബ്രൂണോക്ക് വേണ്ടി റാഷ്ഫോർഡ് വഴി മാറിക്കൊടുത്തു.

പന്ത് കൈക്കലാക്കിയ ബ്രൂണോ നേടിയ ഗോൾ റഫറി ആദ്യം ഓഫ്‌സൈഡ് വിളിച്ചെങ്കിലും പിന്നീട് WAR പരിശോധനയിൽ റാഷ്‌ഫോഡ് പന്ത് തൊട്ടില്ലെന്ന് കണ്ടതിനെ തുടർന്ന് അത് ഗോൾ അനുവദിക്കുകയായിരുന്നു.

എന്നാൽ മത്സരശേഷം റാഷ്ഫോർഡ് പന്തിൽ തൊട്ടില്ലെങ്കിലും അത് ആ സാഹചര്യത്തിൽ ഗോൾ അനുവദിച്ച് കൊടുത്തത് ശരിയായില്ലെന്ന് സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോള പറഞ്ഞു.

റാഷ്ഫോർഡ് ആക്ഷനിലൂടെ സിറ്റി പ്രതിരോധത്തെ കബളിപ്പിച്ചെന്നും എന്നാൽ സ്റ്റേഡിയം നൽകിയ സമ്മർദം മൂലമാണ് റഫറി ആ ഓഫ്‌ സൈഡ് ഗോളാക്കി അനുവദിച്ചതെന്നും അഭിപ്രായപ്പെട്ട പെപ്പ് ഇനി അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാനില്ലെന്നും ശേഷിക്കുന്ന മത്സരങ്ങൾ മികച്ച രീതിയിൽ കളിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും കൂടി കൂട്ടിച്ചേർത്തു.

ചെൽസിയുടെ ഇതിഹാസ ഗോൾ കീപ്പറായിരുന്ന പീറ്റർ ചെക്കും ബ്രൂണോയുടെ ഗോൾ അനുവദിച്ചതിനെ ചോദ്യം ചെയ്‌തിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യത്തെ ഗോൾ അനുവദിച്ചതിലൂടെ ഗോൾ അനുവദിച്ചവർക്കും നിയമം ഉണ്ടാക്കുന്നവർക്കും ഫുട്ബോളിനെ ക്കുറിച്ച് ഒന്നും അറിയില്ലെന്ന് തെളിഞ്ഞുവെന്നാണ് ചെക്ക് പറഞ്ഞത്.

റാഷ്‌ഫോർഡ് ഓഫ്‌സൈസ് പൊസിഷനിലൂടെ ഓടി മാഞ്ചസ്റ്റർ സിറ്റി പ്രതിരോധത്തെ ആശയക്കുഴപ്പത്തിൽ ആക്കിയത് കളിയിൽ ഇടപെടുന്നതിന് തുല്യമാണെന്നും ചെക്ക് പറഞ്ഞു.

18 മത്സരങ്ങളിൽ നിന്നും 38 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാമതാണ് യുണൈറ്റഡ് ഇപ്പോൾ. അത്ര തന്നെ കളികളിൽ നിന്നും 39 പോയിന്റുമായി സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തുണ്ട്.

 

Content Highlights:All these goals are allowed by people who don’t know football; huge criticism of the City-United match