| Tuesday, 29th October 2024, 6:44 pm

അദാനി ഇന്ത്യന്‍ സേനയ്ക്ക് വില്‍ക്കുന്ന ആയുധങ്ങള്‍ മുഴുവന്‍ ഇസ്രഈലി കമ്പനികളുടെ മോഡലുകള്‍ അടിച്ചു മാറ്റി നിര്‍മിച്ചത്: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസ് പുറത്തിറക്കുന്ന ആയുധങ്ങളെല്ലാം ഇസ്രഈലി കമ്പനിയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് രാഹുല്‍ ഗാന്ധി.

പുതിയ പേരുകളിട്ട് ഇന്ത്യന്‍ സേനകള്‍ക്ക് വില്‍ക്കുന്ന ആയുധങ്ങളെല്ലാം വെറും കോപ്പികള്‍ ആണെന്നും സ്ഥിതി ഈ രീതിയില്‍ തുടര്‍ന്നാല്‍ അത് രാജ്യത്തെ സൈനികരുടെ ജീവന് തന്നെ ഭീഷണിയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. മോണോപോളി ബച്ചാവോ സിന്‍ഡിക്കേറ്റ് എന്ന പേരില്‍ രാഹുല്‍ ഗാന്ധിയുടെ യൂട്യുബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തില്‍ അദാനി ഡിഫന്‍സിന്റെ വെബ്‌സൈറ്റ് പ്രദര്‍ശിപ്പിക്കുന്ന രാഹുല്‍ ഗാന്ധി അഭയ് എന്ന് പേരിട്ടിരിക്കുന്ന ഒരു പിസ്റ്റളിന്റെ ചിത്രം കാണിക്കുന്നുണ്ട്. പിന്നീട് ഒരു ഇസ്രഈല്‍ ആയുധ നിര്‍മാണ കമ്പനിയുടെ വെബ്‌സൈറ്റ് ഓപ്പണ്‍ ആക്കി രണ്ട് പിസ്റ്റളും ഒന്നുതന്നെ അല്ലേയെന്ന് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവിയായ പവന്‍ ഖേരയോട് ചോദിക്കുന്നുണ്ട്.

ഇസ്രഈലി വെബ്‌സൈറ്റിലെ ആയുധങ്ങള്‍ അതേ പോലെ കോപ്പി ചെയ്ത് പ്രഹാദ്, ദൃഷ്ടി എന്നൊക്കെ പേര് മാത്രം മാറ്റി അവതരിപ്പിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. അങ്ങനെയാണ് അദാനി ആയുധവില്‍പ്പനയില്‍ ഒന്നാമതെത്തിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

സത്യത്തില്‍ അദാനി പേരുകള്‍ മാത്രമാണ് നിര്‍മിക്കുന്നതെന്ന് ഖേരയും പരിഹസിച്ചു. ഇതെല്ലാം അദാനി, മാധബി ബുച്ച്, ബി.ജെ.പി എന്നിവരുടെ ഗ്രൂപ്പായ പ്രവര്‍ത്തനമാണെന്നും ഇരുവരും അഭിപ്രായപ്പെടുന്നുണ്ട്. ഈ ആയുധ വില്‍പ്പന വഴി ലഭിക്കുന്ന ലാഭം നേരിട്ട് അദാനിയിലേക്കും അത് വഴി മോദിയിലേക്കുമാണ് എത്തിച്ചേരുന്നതൊന്നും രാഹുല്‍ ആരോപിച്ചു.

പ്രഹാര്‍ എന്ന് പേരില്‍ അദാനി ഗ്രൂപ്പ് അവതരിപ്പിച്ച മെഷീന്‍ ഗണ്‍ ഇസ്രഈല്‍ കമ്പനിയായ ഇസ്രഈല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച നെഗേവ് എന്ന പേരിലുള്ള ഗണ്ണിന്റെ കോപ്പി ആണെന്നും രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ദേശത്തിന്റെ സുരക്ഷയെയും സൈനികരുടെ ജീവനുമാണ് ഭീഷണി ഉയര്‍ത്തുന്നതെന്ന് ഖേര പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് പിന്നാലെ ഇന്ത്യന്‍ സൈന്യത്തിനും ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ അദാനി ഡിഫന്‍സ് ആരംഭിച്ചത്. ഇസ്രഈലി പിസ്റ്റളായ മസാഡ എം.എം പിസ്റ്റളുകള്‍ക്ക് പുറമെ 41 തരം ആയുധങ്ങളും അദാനി ഗ്രൂപ്പ് കാണ്‍പൂരിലെ പ്ലാന്റില്‍ വെച്ച് നിര്‍മിച്ച് ഇന്ത്യന്‍ സൈന്യത്തിന് കൈമാറും എന്നാണ് അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു ഈ നീക്കം. അദാനി ഗ്രൂപ്പിന്റെ കാണ്‍പൂരിലെ സാധ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിനാണ് നിര്‍മാണ ചുമതല.

Content Highlight: All the weapons that Adani sells to the Indian Army are manufactured by copying the models of Israeli companies

We use cookies to give you the best possible experience. Learn more