ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമാവുകയാണ്. ആദ്യ ക്വാളിഫയറില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുന്നതോടെയാണ് റോഡ് റ്റു ഫൈനല്‍ ആരംഭിക്കുന്നത്.
മെയ് 24നാണ് എലിമിനേറ്റര്‍ മത്സരത്തിന് കളമൊരുങ്ങുന്നത്. പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സുമാണ് എലിമിനേറ്റര്‍ കളിക്കുക. ഇതില്‍ പരാജയപ്പെടുന്ന ടീമിന്റെ ഐ.പി.എല്‍ യാത്ര ഇതോടെ അവസാനിക്കുമ്പോള്‍, വിജയിക്കുന്ന ടീം ആദ്യ ക്വാളിഫയറിലെ പരാജിതരെ രണ്ടാം ക്വാളിഫയറില്‍ നേരിടും. മെയ് 26നാണ് മത്സരം അരങ്ങേറുന്നത്.
ആദ്യ ക്വാളിഫയര്‍ മത്സരത്തിനും എലിമിനേറ്റര്‍ മത്സരത്തിനും ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയം വേദിയാകുമ്പോള്‍ രണ്ടാം ക്വാളിഫയറും ഫൈനലും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും.
ഏറെ പ്രത്യേകതകളാണ് ഈ സീസണിലെ പ്ലേ ഓഫിനുള്ളത്. ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ നയിക്കുന്ന ടീമുകളാണ് പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുന്നത് എന്നതാണ് ഇതില്‍ പ്രധാനം.
2012ന് ശേഷം ഇതാദ്യമായാണ് ആദ്യ നാലിലെ നാല് ക്യാപ്റ്റന്‍മാരും ഇന്ത്യന്‍ താരങ്ങളാകുന്നത്. 2012 മുതലിങ്ങോട്ട് പ്ലേ ഓഫില്‍ പ്രവേശിക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാരില്‍ ഒരാളെങ്കിലും വിദേശ താരങ്ങള്‍ ആകാറുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സാണ് ഈ സീസണില്‍ ആദ്യം പ്ലേ ഓഫില്‍ കയറിയത്. കഴിഞ്ഞ സീസണിലെ ടൈറ്റില്‍ വിന്നിങ് ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യ തന്നെയാണ് ഈ സീസണിലും ടൈറ്റന്‍സിനെ നയിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ ഇന്ത്യന്‍ ലെജന്‍ഡ് എം.എസ് ധോണിയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നയിക്കാന്‍ ക്രുണാല്‍ പാണ്ഡ്യയുമൊരുങ്ങുമ്പോള്‍ രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്.
ഇതിന് മുമ്പ് 2012ല്‍ മാത്രമാണ് ഇത്തരത്തില്‍ നാല് ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പ്ലേ ഓഫ് സംഭവിച്ചിട്ടുള്ളത്. ദല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകളാണ് അന്ന് ഫൈനല്‍ കളിച്ചത്. വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്, എം.എസ്. ധോണി എന്നിവരായിരുന്നു യഥാക്രമം ടീമുകളുടെ ക്യാപ്റ്റന്‍മാര്‍.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വിജയിക്കുകയായിരുന്നെങ്കില്‍ പ്ലേ ഓഫില്‍ പ്രവേശിക്കുക റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവായിരുന്നേനെ. അങ്ങനെയെങ്കില്‍ നാല് ഇന്ത്യന്‍ നായകന്‍മാരുടെ പ്ലേ ഓഫ് എന്ന യാദൃശ്ചികത ഈ സീസണ് ലഭിക്കില്ലായിരുന്നു.
Content highlight: All the four playing teams In Play offs are led by Indian captains