ബെംഗളൂരു: നാല് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന വാര്‍ത്ത നിഷേധിച്ച് രാജിവെച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാ എം.എല്‍.എമാരും ഞങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവരുമായി ബന്ധപ്പെടുന്നുമുണ്ട്. ആരും മിസ്സിങ് അല്ല.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Dont Miss കര്‍ണാടകയില്‍ ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തിന് തന്ത്രം മെനഞ്ഞത് യെച്ചൂരി; പദ്ധതി നടപ്പിലാക്കിയത് ഇങ്ങനെ
അതേസമയം ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നമ്പര്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഉണ്ട്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എച്ച്.ഡി കുമാരസ്വാമിയെ ഗവര്‍ണര്‍ ക്ഷണിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി പറഞ്ഞു.
അതിനിടെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമായിരിക്കെ സ്വതന്ത്രമായി മത്സരിച്ചു ജയിച്ച സ്ഥാനാര്‍ത്ഥി ബി.ജെ.പിയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്ര എം.എല്‍.എയായ ആര്‍ ശങ്കറാണ് ബി.ജെ.പിക്ക് പിന്തുണ അറിയിച്ചത്.
ബി.ജെ.പി നേതാവായ യെദ്യൂരപ്പയുടെ വീട്ടിലെത്തിയാണ് ശങ്കര്‍ പിന്തുണ അറിയിച്ചത്. മുംബൈ കര്‍ണാടക മേഖലയിലെ ഹവേരി ജില്ലയിലെ റാണെബെന്നൂര്‍ സീറ്റില്‍ നിന്നാണ് ശങ്കര്‍ വിജയിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കൃഷ്ണപ്പ ഭീമപ്പ കോളിവാദായിരുന്നു ശങ്കറിന്റെ പ്രധാന എതിരാളി.
കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ജയിച്ചപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.
ഒരിടത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഫലം തടഞ്ഞിരിക്കുകയാണ്. മറ്റുള്ള പാര്‍ട്ടികളിലുള്ള മൂന്നുപേരില്‍ ഒരാളാണ് ഇപ്പോള്‍ ബി.ജെ.പിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.