ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായി പടയോട്ടം തുടരുകയാണ് ആഫ്രിക്കൻ ശക്തികളായ മൊറോക്കോ.
ക്രൊയേഷ്യ, ബെൽജിയം അടക്കമുള്ള വൻ ശക്തികൾ ഉൾപ്പെട്ട ഗ്രൂപ്പ് എഫ് ഒന്നാമതായി ഫിനിഷ് ചെയ്ത മൊറോക്കോ ഖത്തർ ലോകകപ്പിൽ ഇതുവരെ പരാജയം രുചിച്ചിട്ടില്ല.
ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ പോർച്ചുഗലിനെ പരാജയപ്പെടുത്താൻ സാധിച്ചാൽ ലോകകപ്പ് സെമി കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന നേട്ടം മൊറോക്കക്ക് സ്വന്തമാക്കാം. ഇതിന് മുമ്പ് 1986ൽ ലോകകപ്പിൽ പ്രീ ക്വാർട്ടർ ഫൈനലിൽ എത്താൻ സാധിച്ചതാണ് മൊറോക്കൻ ടീമിന്റെ ലോകകപ്പിലെ ഇതിന് മുമ്പേയുള്ള മികച്ച പ്രകടനം.
വെള്ളിയാഴ്ച പോർച്ചുഗലിനെതിരെയുള്ള പ്രീ മാച്ച് പത്രസമ്മേളനത്തിലാണ് മൊറോക്കൻ കോച്ച് ആഫ്രിക്കൻ, അറബ്ജനത തങ്ങൾക്ക് നൽകുന്ന പിന്തുണയെ ക്കുറിച്ച് വാചാലനായത്.
“ആഫ്രിക്കയും അറബ് ജനതയും ഞങ്ങൾക്ക് പിന്നിലുണ്ട്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷെ എപ്പോഴും ആദ്യം ഞങ്ങൾ കളിക്കുന്നത് മൊറോക്കോക്ക് വേണ്ടിയായിരിക്കും,’ മൊറോക്കൻ കോച്ച് വാലിദ് റെഗഗൂയി പറഞ്ഞു.
കൂടാതെ തങ്ങൾ സ്വന്തമാക്കിയ നേട്ടത്തിന്റെ പ്രാധാന്യം അറിയാമെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം. മൊറോക്കൻ എയർലൈൻസ് ഖത്തറിലേക്ക് കൂടുതൽ ആരാധകർക്ക് എത്തിച്ചേരാനായി ഏഴ് അധിക വിമാന സർവീസുകൾ തുടങ്ങുന്ന കാര്യവും മാധ്യമങ്ങളോട് വെളിപ്പെടുത്തി.
“എനിക്ക് എന്റെ രാജ്യത്തെയും ടീമിനെയും കുറിച്ചോർത്ത് അഭിമാനമുണ്ട്. ഒരു പോസിറ്റീവ് വൈബ് ഉണ്ടാക്കിയെടുക്കാനും, ടീമംഗങ്ങൾ ആകെ ഒരു കുടുംബമാണെന്ന തോന്നലുയർത്താനും തുടർവിജയങ്ങൾ മൂലം ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
“ആരാധകർ ഞങ്ങൾ മൊറോക്കോക്കാരാണെന്ന് അഭിമാനത്തോടെ പറയുന്നു. പണത്തിനേക്കാളും ട്രോഫികളെക്കാളും അതിനാണ് പ്രാധാന്യം,’റെഗഗൂയി കൂട്ടിച്ചേർത്തു.
പ്രീ ക്വാർട്ടറിൽ യൂറോപ്യൻ വമ്പമ്മാരായ സ്പെയ്നിനെ തകർത്താണ് മോറോക്കോ ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പാക്കിയത്.
മുഴുവൻ സമയത്തും ഇരു ടീമിനും ഗോളടിക്കാൻ സാധിക്കാതിരുന്ന മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയും ഒടുവിൽ മൊറോക്കോ വിജയിക്കുകയുമായിരുന്നു.
ഷൂട്ടൗട്ടിൽ കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ മൂന്നാം കിക്കും തടുത്ത ഗോൾകീപ്പർ യാസിൻ ബോനുവാണ് മൊറോക്കോയുടെ ഹീറോ. മറ്റൊരു സ്പെയ്ൻ താരം പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റിൽ തട്ടി തെറിച്ചു.
മൊറോക്കോയ്ക്കായി അബ്ദുൽ ഹമീദ് സബീരി, ഹക്കീം സിയെച്ച്, അഷ്റഫ് ഹക്കിമി എന്നിവർ ലക്ഷ്യം കണ്ടു.എന്നാൽ മൊറോ ക്കൻ താരം ബദിർ ബെനോണിന്റെ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സൈമൺ രക്ഷപ്പെടുത്തി.
പോർച്ചുഗലിനെതിരെ വിജയിക്കാനായാൽ ഫ്രാൻസ്- ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ വിജയികളെയായിരിക്കും സെമിയിൽ ആഫ്രിക്കൻ കരുത്തർക്ക് നേരിടേണ്ടി വരിക.
Content Highlights:All the African Arab people are with us Moroccan coach