ന്യൂദല്‍ഹി: ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രസ്താവന നടത്തിയത്. പാകിസ്താന്റെ പേരെടുത്ത് പറയാതെ പരോക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിംഗപ്പൂരിലെ തന്നെ ഫിന്‍ടെക്ക് സമ്മിറ്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യ ലോകത്തിലെ തന്നെ നിക്ഷേപകരുടെ പ്രിയപ്പെട്ട സ്ഥലമാണെന്ന് മോദി പറഞ്ഞു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇന്ത്യയിലെ ഭരണത്തില്‍ മാറ്റം വരുത്തിയെന്നും മോദി അവകാശപ്പെട്ടു.
സിംഗപ്പൂരില്‍ നടന്ന കിഴക്കന്‍ ഏഷ്യന്‍ സമ്മിറ്റിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ച നടന്നത്. ലോകത്തെ തീവ്രവാദപ്രവര്‍ത്തനങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്.
പാകിസ്താനിലെ തിരഞ്ഞെടുപ്പുകളില്‍ തീവ്രവാദികള്‍ മത്സരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആശങ്ക പ്രകടിപ്പിച്ചു. ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇരുരാജ്യങ്ങളുടെയും സഹകരണം അഭ്യര്‍ഥിച്ചു.
നവംബര്‍ 26ന് മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഭീകരവാദം പ്രധാനചര്‍ച്ചാവിഷയമായത് എന്ന് വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢമാക്കിയെന്നും, ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഒരുമിച്ച് പോരാടേണ്ടതുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.