2023 ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക തങ്ങളുടെ നാലാം വിജയം ആഘോഷിച്ചിരിക്കുകയാണ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 149 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക വിജയിച്ചത്. പ്രോട്ടീസ് പടുത്തുയര്‍ത്തിയ 382 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 233 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറിയും ഹെന്റിച്ച് ക്ലാസന്‍, ഏയ്ഡന്‍ മര്‍ക്രം എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഡി കോക്ക് 140 പന്തില്‍ 174 റണ്‍സ് നേടിയപ്പോള്‍ ക്ലാസന്‍ 49 പന്തില്‍ 90 റണ്‍സും മര്‍ക്രം 69 പന്തില്‍ 60 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മഹ്മദുള്ളയുടെ സെഞ്ച്വറി മാത്രമാണ് ആശ്വസിക്കാനുണ്ടായിരുന്നത്. 111 പന്തില്‍ 111 റണ്‍സടിച്ച് മഹ്മദുള്ള ചെറുത്ത് നിന്നെങ്കിലും വേണ്ട പിന്തുണ ലഭിക്കാതെ വന്നതോടെ ടീം തകര്‍ന്നടിഞ്ഞു.
സൗത്ത് ആഫ്രിക്കക്കായി പന്തെറിഞ്ഞ അഞ്ച് ബൗളര്‍മാരും വിക്കറ്റ് നേടിയിരുന്നു. ജെറാള്‍ഡ് കോട്‌സി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗീസോ റബാദ, മാര്‍കോ യാന്‍സെന്‍, ലിസാഡ് വില്യം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. കേശവ് മഹാരാജാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
ഇതാദ്യമായല്ല സൗത്ത് ആഫ്രിക്കന്‍ നിരയില്‍ പന്തെറിഞ്ഞ അഞ്ച് ബൗളര്‍മാരും വിക്കറ്റ് നേടുന്നത്. ലോകകപ്പില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരത്തിലും പ്രോട്ടീസിനായി പന്തെറിഞ്ഞ ബൗളര്‍മാരെല്ലാം ഏറ്റവും കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും വീഴ്ത്തിയിരുന്നു. എല്ലാ മത്സരത്തിലും അഞ്ച് ബൗളര്‍മാര്‍ മാത്രമാണ് പന്തെറിഞ്ഞത് എന്നതാണ് മറ്റൊരു പ്രത്യേകത.
അഞ്ച് മത്സരത്തില്‍ നിന്നും പത്ത് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍കോ യാന്‍സെന്‍, കഗീസോ റബാദ, ജെറാള്‍ഡ് കോട്‌സി എന്നിവരാണ് സൗത്ത് ആഫ്രിക്കന്‍ നിരയിലെ വിക്കറ്റ് വേട്ടയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ഏഴ് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജാണ് പട്ടികയിലെ രണ്ടാമന്‍.
വരും മത്സരങ്ങളിലും സൗത്ത് ആഫ്രിക്കയുടെ ബൗളിങ് യൂണിറ്റ് ഇതേ പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നതെങ്കില്‍ ഇന്ത്യയടക്കമുള്ള എല്ലാ ടീമുകള്‍ക്കും തലവേദനയാകുമെന്നുറപ്പാണ്.
കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും വിജയിച്ച സൗത്ത് ആഫ്രിക്ക നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ന്യൂസിലാന്‍ഡിനും അഞ്ച് മത്സരത്തില്‍ നാല് ജയം തന്നെയാണ് ഉള്ളതെങ്കിലും നെറ്റ് റണ്‍ റേറ്റാണ് സൗത്ത് ആഫ്രിക്കയെ രണ്ടാമതെത്തിച്ചിരിക്കുന്നത്. +2.370 എന്ന തകര്‍പ്പന്‍ നെറ്റ് റണ്‍ റേറ്റാണ് പ്രോട്ടീസിനുള്ളത്.
ഒക്ടോബര്‍ 27നാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.
Content highlight: All South African bowlers took wicket in every game in 2023 world cup