| Friday, 7th July 2023, 6:39 pm

ഏക സിവില്‍ കോഡിനെതിരെ സി.പി.ഐ.എം ഉള്‍പ്പെടെ ഒന്നിച്ച് നില്‍ക്കും: പി.കെ. കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ മതേതര പാര്‍ട്ടികളെല്ലാം ഒന്നിച്ച് നില്‍ക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ അത്തരത്തിലുള്ള ഐക്യത്തെ തകര്‍ക്കുന്ന ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തും വിവിധ സംസ്ഥാനങ്ങളിലുമൊക്കെ ഏക സിവില്‍ വിഷയത്തില്‍ മതേതര ശക്തികളൊക്കെ ഒറ്റക്കെട്ടായി നിന്ന് പാര്‍ലമെന്റില്‍ ലോക്‌സഭയിലും രാജ്യസഭയിലും അങ്ങനെയൊരു ബില്ല് വന്നാല്‍ അതിനെ പരാജയപ്പെടുത്തും. ആ ഐക്യത്തെ തകര്‍ക്കുന്ന ചര്‍ച്ചയാകേണ്ടതില്ല കേരളത്തില്‍. ഏക സിവില്‍ കോഡ് എന്താകുമെന്ന് ആശങ്കയല്ല, മറിച്ച് ഓരോരുത്തരും നടത്തുന്ന സെമിനാറിലും ക്യാമ്പിലുമൊക്കെ പങ്കെടുക്കുന്നുവെന്നാണ് ഇവിടത്തെ വലിയ ചര്‍ച്ച. അത് അപ്രസക്തമാണ്. ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും മതേതര ശക്തികള്‍ ഒരുമിച്ച് നില്‍ക്കണം. അതാണ് മുഖ്യം. സെമിനാറുകള്‍ വരട്ടെ, ചര്‍ച്ചകള്‍ വരട്ടെ. ഓരോന്നിന്റെയും സ്വഭാവം നോക്കി അതിനെ കുറിച്ച് തീരുമാനിക്കാം,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് എന്ത് തീരുമാനമെടുക്കുന്നുവെന്നത് പ്രധാനമാണെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ പാര്‍ട്ടികളും സിവില്‍ കോഡിന് എതിരെ ഒന്നിച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയില്‍ പാര്‍ലമെന്റിന് അകത്തായാലും പുറത്തായാലും ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് എന്ത് സമീപനമെടുക്കുന്നുവെന്നത് പ്രധാനമാണ്. അവരുടെ നേതൃത്വത്തില്‍ തന്നെ ഏക സിവില്‍ കോഡ് വിഷയത്തില്‍ അതില്‍ സി.പി.ഐ.എമ്മുമുണ്ടാകും, മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുമുണ്ടാകും, എല്ലാവരും കൂടി അതിന് എതിരായി നില്‍ക്കും. ദല്‍ഹിയില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കും,’ കുഞ്ഞാലിക്കുട്ടിപറഞ്ഞു.

Content Highlight: All secular parties will stand together against uniform civcil code:  P K Kunjalikkutty

We use cookies to give you the best possible experience. Learn more