| Wednesday, 14th August 2024, 1:24 pm

ഇന്ത്യയിൽ വിൽക്കപ്പെടുന്ന എല്ലാ ഉപ്പ്, പഞ്ചസാര ബ്രാൻഡുകളിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്: റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യയിൽ വിൽക്കപ്പെടുന്ന എല്ലാ പഞ്ചസാര, ഉപ്പ് ബ്രാൻഡുകളിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്സിക്സ് ലിങ്ക് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് പാക്ക് ചെയ്തതോ അല്ലാത്തതോ ആയ എല്ലാ ബ്രാൻഡുകളിലും മൈക്രോപ്ലാസ്റ്റിക് ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയത്. ഒരു മൈക്രോണിനും 5,000 മൈക്രോണിനും ഇടയിൽ വലിപ്പമുള്ള ഖര പ്ലാസ്റ്റിക് കണങ്ങൾ സിന്തറ്റിക് നാരുകൾ അല്ലെങ്കിൽ മൈക്രോമീറ്ററുകൾ എന്നിവയെയാണ് മൈക്രോപ്ലാസ്റ്റിക് എന്ന് പറയുന്നത്.

വ്യത്യസ്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പോളിത്തീലിൻ, പോളിപ്രൊഫൈലിൻ, പോളിത്തീലിൻ ടെറഫ്താലേറ്റ് എന്നിങ്ങനെ വിവിധ പോളിമറുകൾ ഇവയിൽ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഈ സൂക്ഷ്മകണികകൾ മനുഷ്യശരീരത്തിൽ ശ്വസനത്തിലൂടെയും നേരിട്ടുള്ള ചർമ്മ സമ്പർക്കത്തിലൂടെയും പ്രവേശിക്കുന്നു. അതോടൊപ്പം ഇത് ജീവജാലങ്ങൾക്ക് കാര്യമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഭക്ഷ്യവസ്തുക്കളിലൂടെ മൈക്രോപ്ലാസ്റ്റിക്കിന് എളുപ്പത്തിൽ മനുഷ്യരിലേക്കും മറ്റ് ജീവജാലങ്ങളിലേക്കും എത്താൻ സാധിക്കും. ഉപ്പിലൂടെ എളുപ്പത്തിൽ എത്താൻ സാധിക്കുമെന്നും ഒപ്പം പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും പോളിമറുകൾ മനുഷ്യശരീരത്തിലെത്തുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തെ ഉദ്ധരിച്ച് ടോക്സിക്സ് ലിങ്ക് പറഞ്ഞു.

‘മൈക്രോപ്ലാസ്റ്റിക്‌സ് ഇൻ സോൾട്ട് ആൻഡ് ഷുഗർ’ എന്ന അവരുടെ റിപ്പോർട്ടിൽ ബ്രാൻഡഡ് അയോഡൈസ്ഡ് പാക്ക്ഡ് ഉപ്പ് സാമ്പിളിലാണ് മൈക്രോപ്ലാസ്റ്റിക്‌സിൻ്റെ ഏറ്റവും ഉയർന്ന സാന്ദ്രത കണ്ടെത്തിയതെന്ന് സംഘടന പറഞ്ഞു.

ടേബിൾ ഉപ്പ്, റോക്ക് സാൾട്ട് , കടൽ ഉപ്പ്, പ്രാദേശിക അസംസ്കൃത ഉപ്പ് എന്നിവയുൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന പത്ത് ഇനം ഉപ്പുകൾ ഗവേഷകർ ലാബ് പരിശോധനകൾ നടത്തി. ഓൺലൈനിൽ നിന്നും പ്രാദേശിക വിപണികളിൽ നിന്നും വാങ്ങിയ അഞ്ച് പഞ്ചസാര സാമ്പിളുകളിലും ഗവേഷകർ പരിശോധന നടത്തി.

പാക്ക് ചെയ്ത അയോഡൈസ്ഡ് ഉപ്പ് സാമ്പിളിൽ ആണ് ഏറ്റവും കൂടുതൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത്. ഒരു കിലോഗ്രാം ഉപ്പിൽ 89.15 കഷണങ്ങൾ എന്ന തോതിലായിരുന്നു കണ്ടെത്തിയത്. ഏറ്റവും കുറഞ്ഞ അളവ് മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയത് ഒരു ഓർഗാനിക് റോക്ക് സാൾട്ടിലാണ് . ഒരു കിലോഗ്രാമിൽ 6.70 കഷണങ്ങൾ എന്നതാണ് അളവ്.

അഞ്ച് പഞ്ചസാര സാമ്പിളുകൾ പരിശോധിച്ചതിൽ, ഒരു ഓർഗാനിക് പഞ്ചസാര സാമ്പിളിലാണ് ഏറ്റവും കുറവ് മൈക്രോപ്ലാസ്റ്റിക് ഉള്ളത്. ഒരു കിലോഗ്രാമിൽ 11.85 കഷണങ്ങൾ. നോൺ-ഓർഗാനിക് പഞ്ചസാര സാമ്പിളിൽ ഒരു കിലോഗ്രാമിന് 68.25 കഷണങ്ങളാണ് കണ്ടെത്തിയത്.

വിവിധ പഞ്ചസാര സാമ്പിളുകളിൽ കാണപ്പെടുന്ന മൈക്രോപ്ലാസ്റ്റിക്സിൻ്റെ വലുപ്പം 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ്. അവ കൂടുതലും നാരുകളുടെ രൂപത്തിലും പിന്നീട് ഫിലിമുകളുടെയും ഉരുളകളുടെയും രൂപത്തിലായിരുന്നു.

ഉപ്പിൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വസ്ത്ര നാരുകൾ എന്നിവയുൾപ്പെടെയുള്ള മൈക്രോപ്ലാസ്റ്റിക്സ് വരാമെന്ന് റിപ്പോർട്ട് പറയുന്നു. ഉപ്പിൻ്റെ ഉൽപ്പാദന കേന്ദ്രത്തിൻ്റെ സ്ഥാനം, ചുറ്റുമുള്ള പരിസ്ഥിതി എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ കാരണമാണ് മൈക്രോപ്ലാസ്റ്റിക് ഉപ്പിൽ എത്തുന്നതെന്ന് ഗവേഷകർ പറഞ്ഞു.

പഞ്ചസാരയിൽ, മൈക്രോപ്ലാസ്റ്റിക് എത്തുന്നത് കരിമ്പ് സംസ്കരണം, ശുദ്ധീകരണം, പഞ്ചസാര പാക്കേജിങ് എന്നിവയിലൂടെയാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിദിനം 10.98 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു, ഇത് ലോകാരോഗ്യ സംഘടന ശുപാർശിച്ച പരിധിയായ 5 ഗ്രാമിൻ്റെ ഇരട്ടിയിലേറെയാണെന്ന് പഠനം പറയുന്നു. ഒരു ദിവസം ഏകദേശം 10 സ്പൂൺ എന്ന തോതിൽ ശരാശരി ഇന്ത്യക്കാരൻ പ്രതിവർഷം 18 കിലോഗ്രാം പഞ്ചസാര കഴിക്കുന്നതായും റിപ്പോർട്ട് പറയുന്നു.

അതായത് ഓരോ ഇന്ത്യക്കാരും ഗണ്യമായ അളവിൽ മൈക്രോപ്ലാസ്റ്റിക് ഉപയോഗിക്കുന്നു.

Content Highlight: All salt and sugar brands in India contain microplastics: Report

We use cookies to give you the best possible experience. Learn more