അങ്ങനെ ആ നാണംകെട്ട റെക്കോഡില്‍ മാക്‌സ്‌വെല്ലിന് റാഷിദുമെത്തി; നാണക്കേടുമായി സൂപ്പര്‍ ഓള്‍റൗണ്ടര്‍
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താവുന്ന ഓവര്‍സീസ് താരം എന്ന് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ റെക്കോഡിനൊപ്പമെത്തി ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍ താരം റാഷിദ് ഖാന്‍.
പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെയാണ് റാഷിദിനെ തേടി ഈ നാണം കെട്ട റെക്കോഡുമെത്തിയത്.
ഇതോടെ 12 തവണയാണ് റാഷിദ് ഐ.പി.എല്ലില്‍ പൂജ്യത്തിന് പുറത്താവുന്നത്.
പഞ്ചാബ് കിംഗ്‌സിന്റെ വെടിക്കെട്ട് ബൗളര്‍ കഗീസോ റബാദയാണ് റാഷിദിനെ അവസാനം പൂജ്യത്തിന് പുറത്താക്കിയത്. ക്രീസിലെത്തി നിലയുറപ്പിക്കും മുമ്പ്, ആദ്യ പന്തില്‍ തന്നെയായിരുന്നു റബാദ റാഷിദിനെ മടക്കിയത്. ഇതോടെയാണ് താരം മാക്‌സ്‌വെല്ലിന്റെ റെക്കോഡിനൊപ്പമെത്തിയത്.
സുനില്‍ നരെയ്‌നാണ് മൂന്നമതായി ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായത്. 11 തവണയാണ് നരെയ്ന്‍ ഡക്കായത്. ഐ.പി.എല്ലിന്റെ ഈ സീസണിലും നരെയ്ന്‍ പൂജ്യത്തിന് പുറത്തായിരുന്നു.
മിസ്റ്റര്‍ 360 എ.ബി. ഡിവില്ലിയേഴ്‌സാണ് പട്ടികയിലെ നാലാമന്‍. 10 തവണ ഡിവില്ലിയേഴ്‌സ് ഐ.പി.എല്ലില്‍ ഡക്കായിട്ടുണ്ട്.
കഴിഞ്ഞ മത്‌സരങ്ങളില്‍ മികച്ച പ്രകടനമായിരുന്നു റാഷിദ് കാഴ്ച വെച്ചത്. ഗുജറാത്ത് വിജയിച്ച കഴിഞ്ഞ രണ്ട് മത്സരത്തിലും വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന റാഷിദിന്റെ ഇന്നിംഗ്‌സ് ടൈറ്റന്‍സ് വിജയത്തില്‍ നിര്‍ണായകമായിരുന്നു.
ഹര്‍ദിക്കിനെ പോലെ തന്നെ ലേലത്തിന് മുമ്പ് തന്നെ ടൈറ്റന്‍സ് റാഷിദ് ഖാനെയും സ്വന്തമാക്കിയിരുന്നു. ഹര്‍ദിക്കിന് നല്‍കിയ അതേ 15 കോടി രൂപയ്ക്ക് തന്നെയാണ് റാഷിദ് ഖാനും ടീമിന്റെ ഭാഗമായത്.
ഇരുവര്‍ക്കും പുറമെ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെയും ടീം ലേലത്തിന് മുമ്പ് തന്നെ സ്വന്തമാക്കിയിരുന്നു. എട്ട് കോടി രൂപയ്ക്കാണ് ഗില്‍ ടൈറ്റന്‍സുമായി കരാറിലെത്തിയത്.
ഇതുവരെ 9 മത്സരത്തിലെ 5 ഇന്നിംഗ്‌സില്‍ നിന്നുമായി 71 റണ്‍സാണ് താരം സ്വന്തമാക്കിയത്. ബാറ്റിംഗിന് പുറമെ ബൗളിംഗിലും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.
ഇതുവരെ 36 ഓവര്‍ പന്തെറിഞ്ഞ താരം 256 റണ്‍സ് വഴങ്ങി 9 വിക്കറ്റാണ് സ്വന്തമാക്കിയിട്ടുള്ളത്. 7.11 ആണ് താരത്തിന്റെ എക്കോണമി. 3/ 22 ആണ് സീസണിലെ മികച്ച ബൗളിംഗ് ഫിഗര്‍.
Content Highlight: All-rounder Rashid Khan equals Glenn Maxwell’s most ducks record in IPL