ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് അതിവേഗം വളരാനാവുമെന്നും മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
‘മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ സ്വീകരിച്ച തെറ്റായ നടപടികളാണ് സാമ്പത്തിക മാന്ദ്യത്തിനു കാരണം. ഇത് മനുഷ്യനിര്‍മിതമാണ്.’ മന്‍മോഹന്‍ സിംഗ് പറഞ്ഞു.
‘ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. നിര്‍മാണ രംഗം 0.6 ശതമാനം ഇടിഞ്ഞു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ വന്‍ തിരിച്ചടിയായി. ജി.എസ്.ടി വികലമായ നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായി’-മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയ കുടിപ്പക മാറ്റിവെയ്ക്കണമെന്നും പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ വിദഗ്ധരുടെ വാക്കുകള്‍ കേള്‍ക്കണമെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.