| Thursday, 8th July 2021, 12:46 pm

മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ്; റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍.മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

ജൂലൈ മാസത്തിലേയും ഓഗസ്റ്റിലേയും കിറ്റുകള്‍ ഒരുമിച്ച് ചേര്‍ത്തായിരിക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കുക. 84 ലക്ഷം സ്‌പെഷ്യല്‍ കിറ്റ് ആണ് വിതരണം ചെയ്യുക.

റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും തീരുമാനമായി. ഏഴര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിക്കുക.

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന്‍ ഹര്‍ഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം അനുവദിച്ചു. 20 ലക്ഷം രൂപയാണ് സഹായ ധനമായി അനുവദിച്ചത്.

ഇതില്‍ പത്ത് ലക്ഷ രൂപ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനായി നല്‍കും. ഹര്‍ഷാദിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. 18 വയസ്സുവരെ ഹര്‍ഷാദിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.

ഈ മാസം 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ബജറ്റ് വകുപ്പ് തിരിച്ച് പാസാക്കലാണ് നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: All ration card owners may get Onam special kit in Kerala

We use cookies to give you the best possible experience. Learn more