ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവച്ചു. മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി.
മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജയ്പൂരിലെ വസതിയില്‍ ശനിയാഴ്ച വൈകുന്നേരം ചേര്‍ന്ന യോഗത്തിന് ശേഷമാണ് രാജിവെച്ചത്.
ഞായറാഴ്ച എല്ലാ മന്ത്രിമാരും ഉച്ചയ്ക്ക് 2 മണിക്ക് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പോകുമെന്നും അവിടെ നടക്കുന്ന യോഗത്തിന് ശേഷം പുതിയ മന്ത്രിസഭ വൈകുന്നേരം 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉള്‍പ്പെടുത്തി രാജസ്ഥാനില്‍ മന്ത്രിസഭ പുനസംഘടിപ്പിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും സച്ചിന്‍ പൈലറ്റുമായും കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു വര്‍ഷത്തോളമായി സച്ചിന്‍ പൈലറ്റ് മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
സച്ചിന്‍ പൈലറ്റ് പക്ഷക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ വിമുഖതയുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പ്രിയങ്കഗാന്ധിയും കെ.സി. വേണുഗോപാലും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധിയുമായും ഗെലോട്ട് കൂടിക്കാഴ്ച നടത്തി. നിലവില്‍ മുഖ്യമന്ത്രി അടക്കം ഗെലോട്ട് മന്ത്രിസഭയില്‍ 21 പേരാണുള്ളത്.