ന്യൂദല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജികള്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. എട്ടു ഹരജികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണയിലുള്ളത്. ഹരജികളില്‍ ഒക്ടോബര്‍ ആദ്യവാരം മുതല്‍ കോടതി വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.
വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു. നോട്ടീസ് അയക്കുന്നത് അതിര്‍ത്തിയില്‍ തിരിച്ചടിയ്ക്കു വഴിവെയ്ക്കുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചിരുന്നു.
ജമ്മുകശ്മീരില്‍ ഒരു മധ്യസ്ഥനെ വെക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷയും സുപ്രീം കോടതി നിരസിച്ചു.
ഭരണഘടനാ പ്രാധാന്യമുളള വിഷയമാണിതെന്ന് ഹരജി പരിഗണിക്കവേ ഹരജിക്കാരനായ എം.എല്‍ ശര്‍മ്മ കോടതിയെ അറിയിക്കുകയായിരുന്നു. ‘ഈ വിഷയങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഇത് അഞ്ചംഗ ബെഞ്ചിലേക്ക് പോകേണ്ടതുണ്ട്.’ എന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സമയത്ത് കശ്മീരില്‍ ഭരണകൂടം ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചു. ‘രാഷ്ട്രപതി പ്രഖ്യാപിച്ച ഗവര്‍ണര്‍ ഭരണം ജൂണില്‍ അവസാനിച്ചു. പുതിയ പ്രഖ്യാപനം നടപ്പിലാക്കുന്ന സമയത്ത് ഗവര്‍ണര്‍ ഭരണമുണ്ടായിരുന്നില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് നിയമസാധുതയില്ല.’ എന്നും ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘നോട്ടീസ് ഇതിനകം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കും’ എന്ന് ഇതിന് മറുപടിയായി ചീഫ് ജസ്റ്റിസ് അറിയിച്ചു.