ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് മുന്നോടിയുയുള്ള സര്‍വകക്ഷിയോഗത്തില്‍ നിന്നും വിട്ട് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഒരു ദിവസം മുമ്പേയാണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും, വ്യവസായ മന്ത്രി പിയൂഷ് ഗോയലും യോഗത്തിന് എത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രി യോഗത്തിനെത്താതിരുന്നത് കോണ്‍ഗ്രസ് ചോദ്യം ചെയ്തു.
‘പ്രധാനമന്ത്രി ഇന്നത്തെ യോഗത്തിന് എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. കാര്‍ഷിക നിയമങ്ങളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കണമെന്നുണ്ടായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ ഇനിയും മറ്റേതെങ്കിലും രൂപത്തില്‍ വരുമോയെന്ന് സംശയമുണ്ട്,’ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ പറഞ്ഞു.
കര്‍ഷക സമരത്തിനിടയില്‍ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് തനിക്ക് സംസാരിക്കാന്‍ അനുവാദമില്ലെന്നത് ചൂണ്ടിക്കാട്ടി യോഗത്തില്‍ നിന്നും ഇറങ്ങിപോയി. ‘മിനിമം താങ്ങ് വില നിയമമാക്കണമെന്നതും ബി.എസ്.എഫിന്റെ അധികാര പരിധി വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും ഞങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍വകക്ഷിയോഗത്തില്‍ ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല,’ സഞ്ജയ് സിങ് പറഞ്ഞു.
ലഖിംപൂര്‍ഖേരിയിലെ കര്‍ഷകരുടെ ഇടയിലേക്ക് കാര്‍ കയറ്റിയ കേസില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ബില്‍ ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനുമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സഭയില്‍ ബില്‍ അവതരിപ്പിക്കും. ബി.ജെ.പിയും, കോണ്‍ഗ്രസും തങ്ങളുടെ എംപിമാര്‍ക്ക് ഈ ദിവസം ഹാജരാകാന്‍ വിപ്പ് നല്‍കിയിട്ടുണ്ട്.