മരടിലെ ഫ്ളാറ്റ്: വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍
Kerala News
മരടിലെ ഫ്ളാറ്റ്: വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 8:00 pm

തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഫ്ളാറ്റിനെ സംബന്ധിച്ച കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ എന്തെല്ലാം നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. ഫ്ളാറ്റ് പൊളിക്കാന്‍ കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചെയ്യാത്ത തെറ്റിനാണ് സര്‍ക്കാര്‍ പ്രതിയാക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലേക്ക് സര്‍വകക്ഷി സംഘത്തെ അയച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

ഫ്ളാറ്റുടമകള്‍ക്ക് പൂര്‍ണ പിന്തുണയാണ് സര്‍വകക്ഷി യോഗത്തില്‍ ലഭിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം കക്ഷികളും ഫ്ളാറ്റുടമകള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു. അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കെട്ടിട നിര്‍മാതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

അതേസമയം, മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ശബരിമല വിധി നടപ്പാക്കിയെങ്കില്‍ എന്തുകൊണ്ട് ഈ വിധി നടപ്പാക്കിക്കൂടെന്നും കാനം ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്ളാറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് സി.പി.ഐ.എമ്മും കോണ്‍ഗ്രസും നിലപാടെടുത്തിരുന്നു. താമസക്കാരെ വഴിയാധാരാമാക്കരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പറഞ്ഞിരുന്നു.