| Tuesday, 8th August 2023, 5:22 pm

ഇന്ത്യ മുഴുവന്‍ എന്റെ വീടാണ്; വസതി തിരികെ അനുവദിച്ചതില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എം.പി സ്ഥാനം തിരിച്ചുകിട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ദല്‍ഹിയിലെ വസതി അനുവദിച്ചു. തുഗ്ലക്ക് ലെയ്‌നിലെ അദ്ദേഹത്തിന്റെ പഴയ 12-ാം നമ്പര്‍ ബംഗ്ലാവ് അനുവദിക്കുന്നതായി ലോക് സഭ ഹൗസ് കമ്മിറ്റി അറിയിച്ചു. ഇന്ത്യ മുഴുവന്‍ തന്റെ വീടാണെന്ന് ബംഗ്ലാവ് അനുവദിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സൂറത്ത് കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് വീണ്ടും ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്.

അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് എം.പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഏപ്രിലില്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. അയോഗ്യനാക്കപ്പെട്ട എം.പിക്ക് സര്‍ക്കാര്‍ വസതിയില്‍ തുടരാന്‍ കഴിയില്ലെന്നും ഒരു മാസത്തിനുള്ളില്‍ ഒഴിയണമെന്നും കാട്ടി ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നു. തന്നെ സത്യം പറഞ്ഞതിന് ശിക്ഷിച്ചിരിക്കുകയാണെന്നും തനിക്ക് ഇന്ത്യയിലെ ജനങ്ങള്‍ തന്ന വീട് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനാല്‍ ഇനി ഈ വീട്ടില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വസതി ഒഴിഞ്ഞുകൊണ്ട് രാഹുല്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച സൂറത്ത് മജിട്രേറ്റ് കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് അദ്ദേഹം പാര്‍ലമെന്റ് സമ്മേളനത്തിന് എത്തുകയും ചെയ്തിരുന്നു.

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ മാര്‍ച്ചിലായിരുന്നു സൂറത്ത് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. തുടര്‍ന്ന് മാര്‍ച്ചില്‍ രാഹുലിനെ എം.പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കുകയായിരുന്നു. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ വെച്ച് നടന്ന റാലിയിലായിരുന്നു രാഹുലിന്റെ മോദി പരാമര്‍ശം. എല്ലാ കള്ളന്മാരുടെ പേരുകളിലും എങ്ങനെയാണ് മോദി എന്ന പേര് വരുന്നത് എന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്.

അതേസമയം, മണിപ്പൂര്‍ സംഘര്‍ഷം മുന്‍നിര്‍ത്തി ബി.ജെ.പി സര്‍ക്കാരിനെതിരെ ഇന്ത്യാ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിച്ചേക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ലമെന്റില്‍ ഇന്ന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് രാഹുലിന്റെ പ്രസംഗം മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയായിരിക്കും അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് തുടക്കമിടുകയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും ആസാമില്‍ നിന്നുള്ള എം.പിയുമായ ഗൗരവ് ഗൊഗോയ് ആണ് പ്രതിപക്ഷ വാദങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്.

Content Highlights: All of India my home: Rahul gandhi

We use cookies to give you the best possible experience. Learn more