കൊല്‍ക്കത്ത: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ വിജയികള്‍ക്ക് അഭിനന്ദനം അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എല്ലാ വിജയികള്‍ക്കും അഭിനന്ദനം.. പക്ഷേ പരാജയപ്പെട്ടവരെല്ലാം യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടവരല്ല എന്നായിരുന്നു മമതയുടെ വാക്കുകള്‍.
പശ്ചിമബംഗാളില്‍ തൃണമൂല്‍ 23 ഉം ബി.ജെ.പി 17 സീറ്റുകളിലുമാണ് മുന്നേറുന്നത്.
” പൂര്‍ണമായ അവലോകനം നടത്തിയ ശേഷം നിങ്ങളുമായി കാര്യങ്ങള്‍ പങ്കുവെക്കുന്നതാണ്. വോട്ടെണ്ണില്‍ പൂര്‍ത്തിയാവട്ടെ.. വിവിപാറ്റ് അതുമായി ഒത്തു നോക്കട്ടെ- എന്നായിരുന്നു മമത ട്വീറ്റ് ചെയ്തത്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകളായിരുന്നു തൃണമൂലിന് ലഭിച്ചത്. രണ്ട് സീറ്റുകളിലായിരുന്നു ബി.ജെ.പി വിജയിച്ചത്.
ബംഗാളില്‍ ബി.ജെ.പി വളര്‍ന്നെന്നും സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും തൃണമൂല്‍ നേതാവായ ചന്ദന്‍മിത്ര പ്രതികരിച്ചിരുന്നു. ബി.ജെ.പിയില്‍ നിന്ന് തൃണമൂലിലെത്തിയിട്ടുള്ള നേതാവാണ് ചന്ദന്‍മിത്ര.
ബംഗാളില്‍ ഇടതുപക്ഷത്തിന് ഒറ്റസീറ്റ് പോലും ലഭിച്ചിട്ടില്ല. ഈ വോട്ടുകള്‍ തൃണമൂലിനെതിരായി ബി.ജെ.പിയ്ക്ക് പോയെന്നാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലങ്ങളിലും അതിര്‍ത്തി മണ്ഡലങ്ങളിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പി ഇവിടെ ജയിക്കുന്നതെന്നാണ് സൂചനകളില്‍ നിന്നും മനസിലാകുന്നത്.
2021ലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.