| Saturday, 17th June 2023, 9:22 pm

സിനിമയെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യം, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി: ആള്‍ കേരള റിബല്‍സ്റ്റാര്‍ പ്രഭാസ് ഫാന്‍സ് അസോസിയേഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദിപുരുഷ് ചിത്രത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആള്‍ കേരള റിബല്‍സ്റ്റാര്‍ പ്രഭാസ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രം സോഷ്യല്‍ മീഡിയ വഴി ഭീകരമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും സെക്കന്റുകള്‍ മാത്രം വരുന്ന ഭാഗം പോലും തിയേറ്ററില്‍ നിന്നും പകര്‍ത്തി അവ സൈബര്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

തിയേറ്ററുകളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കോപ്പിറൈറ്റ് ആക്ട് പ്രകാരം കുറ്റകരമാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ സംഘടന നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

രാമായണം ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ജൂണ്‍ 16നാണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.

500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പ്രസ്താവനയുടെ പൂര്‍ണരൂപം

ഇന്നലെ റിലീസായ ആദിപുരുഷ് സിനിമ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെയും, സൈബര്‍ മീഡിയകളാലും അതിഭീകരമായ സൈബര്‍ അക്രമണം നേരിടുകയാണ്. ചിത്രത്തിന്റെ ഏതാനും സെക്കന്റുകള്‍ മാത്രം വരുന്ന ഭാഗം പോലും തിയേറ്ററില്‍ നിന്നും പകര്‍ത്തി അവ സൈബര്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുകയാണ്.

സിനിമയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യം ഇത്തരക്കാരുടെ പ്രവര്‍ത്തിയില്‍ ഉണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി സംഘടന അപലപിക്കുകയാണ്. ഒരുപാട് പേരുടെ അധ്വാനം ആണ് സിനിമ. നല്ലതാണോ മോശമാണോ എന്നത് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ബോധപൂര്‍വം ഒരു സിനിമയെ നശിപ്പിക്കുന്നത് അംഗീകതരിച്ച് കൊടുക്കാന്‍ കഴിയില്ല.

തിയേറ്ററുകളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കോപ്പിറൈറ്റ് ആക്ട് പ്രകാരം കുറ്റകരമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ സംഘടന നിയമനടപടി സ്വീകരിക്കും.

Content Highlight: All Kerala Rebel Star Prabhas Fans and Welfare Association has said that attempts are being made to destroy the film Adipurush

Latest Stories

We use cookies to give you the best possible experience. Learn more