ന്യൂദല്‍ഹി: ജെയ്ഷ്-ഇ-മുഹമ്മദിന് നഷ്ടങ്ങള്‍ സംഭവിച്ചെന്ന തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുമെന്ന് ജെയ്‌ഷെ നേതാവ് മസൂദ് അസര്‍. സംഘടനയുടെ മുഖപത്രമായ അല്‍-ഖലാമിലെഴുതിയ കോളത്തിലൂടെയാണ് മസൂദ് അസറിന്റെ വിമര്‍ശനം.
“എല്ലാവരും ജീവനോടെയുണ്ട്. സുഖമായിരിക്കുന്നു” എന്നാണ് മസൂദ് അസര്‍ എഴുതിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം, ഇത് അസര്‍ തന്നെ എഴുതിയതാണോയെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.
മസൂദ് അസറിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. “നരേന്ദ്രമോദിയില്‍ നിന്ന് വ്യത്യസ്തമായി ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. അദ്ദേഹത്തേക്കാള്‍ ഫിറ്റാണ് ഞാനെന്ന് തെളിയിക്കാന്‍ എന്തെങ്കിലും മത്സരത്തിനോ അമ്പെയ്ത്തിനോ ഷൂട്ടിങ് മത്സരത്തിനോ വെല്ലുവിളിക്കുന്നു.” മസൂദ് അസര്‍ പറഞ്ഞു.
തന്റെ ആരോഗ്യം സംബന്ധിച്ച് ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പ്രചരണം തനിക്കെതിരായ പ്രൊപ്പഗണ്ട മാത്രമാണെന്നും മസൂദ് അസര്‍ പറഞ്ഞു. മസൂദ് അസര്‍ രോഗിയാണെന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും പാക് വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. ഇതും അദ്ദേഹം തള്ളി. “ഞാന്‍ സുഖമായിരിക്കുന്നു. എന്റെ കിഡ്‌നിയും ലിവറും പെര്‍ഫെക്ടാണ്. 17 വര്‍ഷത്തിനിടെ ഇതുവരെ ആശുപത്രിയില്‍ പോകേണ്ട അവസ്ഥയോ ഡോക്ടറെ കാണേണ്ട അവസ്ഥയോ ഉണ്ടായിട്ടില്ല.” എന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തെ സ്വാതന്ത്ര്യ സമരമെന്നാണ് അസര്‍ വിശേഷിപ്പിച്ചത്. ചാവേറായ ആദില്‍ അഹമ്മദ് ധര്‍ കശ്മീരികളുടെ മനസില്‍ ഒരു കനല്‍കോരിയിട്ടിട്ടുണ്ടെന്നും അത് അടുത്തൊന്നും കെടാന്‍ പോകുന്നില്ലെന്നും അസര്‍ പറഞ്ഞു.