'ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?': തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്
Daily News
'ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?': തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st July 2017, 10:16 am

കൊച്ചി: മലയാള സിനിമാ രംഗത്തെ എല്ലാ നടന്മാരുടെയും സ്വത്ത് വിവരങ്ങള്‍ പരിശോധിക്കണമെന്ന് നടന്‍ ജഗദീഷ്. അമ്മ ജനറല്‍ യോഗത്തിനു പിന്നാലെ മുകേഷും ഗണേഷ് കുമാറും മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷിന്റെ വെളിപ്പെടുത്തല്‍.

“മലയാള സിനിമാ രംഗത്ത് എനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ട്. അതിനേക്കാളേറെ ഇന്നസെന്റ് അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് അറിയാം. അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അവര്‍ക്കിപ്പോള്‍ വെളിപ്പെടുത്താനാവില്ല.” എന്നാണ് ജഗദീഷ് പറഞ്ഞത്.

വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്തുള്ള നടന്മാരുണ്ടെന്നും ജഗദീഷ് പറയുന്നു.


Must Read: ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദെന്ന് ഇനിയുമുറക്കെ വിളി കല്ലെറിയുമ്പോഴുള്ള ആവേശം പുറത്തെടുക്ക്’; കല്ലെറിഞ്ഞെന്നാരോപിച്ച് യുവാവിനെ സൈനികര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്


“ഇന്ന് സിനിമാ രംഗത്തെ പ്രതിഫലം കോടികളാണ്. മുമ്പത്തെ സ്ഥിതി ഇതായിരുന്നില്ല. എന്നിട്ടും വരവില്‍ കവിഞ്ഞ സ്വത്തുള്ള നടന്മാര്‍ ഈ രംഗത്തുണ്ട്. ഞാനിതു പറയുമ്പോള്‍ അസൂയ കൊണ്ടു പറയുന്നതാണെന്നു പറയും. അതുകൊണ്ടുതന്നെ ഞാനുള്‍പ്പെടെയുള്ള നടന്മാരുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണം” അദ്ദേഹം പറഞ്ഞു.

യുവനടിയുമായി ബന്ധപ്പെട്ട കേസില്‍ ഒരു പ്രതികരണവും നടത്തരുതെന്ന് അസോസിയേഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഹൈവേയില്‍ കാളവണ്ടിയില്‍ പോകുന്നയാളാണ് ഞാന്‍. സൂപ്പര്‍ഫാസ്റ്റുകളില്‍ പോകുന്നവരെ തിരുത്താന്‍ ഞാന്‍ ആളല്ല. സത്യം എന്താണെന്ന് അന്വേഷിച്ച് പുറത്തുകൊണ്ടുവരാത്ത മാധ്യമങ്ങളെയേ ഞാന്‍ കുറ്റംപറയൂ.” അദ്ദേഹം പറഞ്ഞു.

സിനിമാ വ്യവസായത്തെക്കുറിച്ച് മന്ത്രി ജി. സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നു പറഞ്ഞ ജഗദീഷ് ഈ രംഗത്തെ ഉള്ളുകള്ളികളാണ് ഇപ്പോള്‍ വെളിച്ചത്തുവരുന്നതെന്നും അഭിപ്രായപ്പെട്ടു.


Must Read: കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് : റെയ്ഡ് പള്‍സര്‍ സുനി കത്തില്‍ പരാമര്‍ശിച്ച ‘കാക്കനാട്ടെ ഷോപ്പില്‍’


“സിനിമാ മേഖലയെ സംബന്ധിച്ച് അന്വേഷണ പരമ്പരകള്‍ക്കു തന്നെ സാധ്യതയുണ്ട്. ചില നടന്മാരുടെ വന്‍ സമ്പത്തിന്റെ രഹസ്യം എന്താണ്? അതെല്ലാം അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ? അതൊക്കെ അന്വേഷിക്കണം” അദ്ദേഹം പറഞ്ഞു.

സിനിമയിലെ വനിതാ സംഘടനയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന അരോപണം അദ്ദേഹം തള്ളി. “വിമന്‍ കലക്ടീവ് രൂപപ്പെട്ടത് അവരുടെ വേദനയില്‍ നിന്നാണ്. അടിച്ചമര്‍ത്തലിന്റെയും പീഡനങ്ങളുടെയും കഥകളുണ്ട്. ഇന്ന് കാലംമാറി. ഇപ്പോള്‍ അവര്‍ പ്രതികരിക്കുന്നു.” അദ്ദേഹം പറഞ്ഞു.