| Thursday, 11th April 2019, 4:32 pm

അധികാരത്തിലേറിയാല്‍ ഹിന്ദുക്കളും ബുദ്ധമതക്കാരും ഒഴികെയുള്ള നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കും; അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ രാജ്യ വ്യാപകമായി പൗരത്വ പട്ടിക നടപ്പില്‍ വരുമെന്ന് ഉറപ്പു വരുത്തുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത് ഹിന്ദുമത വിശ്വാസികളും ബുദ്ധമത വിശ്വാസികളും ഒഴികെയുള്ള എല്ലാ അഭയാര്‍ത്ഥികളേയും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ ദാര്‍ജീലിങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.

‘നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പൗരത്വ പട്ടിക യാഥാര്‍ത്ഥ്യമാക്കുമെന്ന് ഞങ്ങള്‍ പ്രകടന പത്രികയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്തുള്ള ഒരോ നുഴഞ്ഞകഴറ്റക്കാരേയും ഇന്ത്യയില്‍ നിന്ന് ഞങ്ങള്‍ പുറത്താക്കും. ഹിന്ദു, ബുദ്ധ അഭയാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ഇന്ത്യന്‍ പൗരത്വം നല്‍കി ഇവിടുത്തെ താമസക്കാരാക്കി മാറ്റും’- അമിത് ഷാ പറഞ്ഞു.

അസാമിലെ ‘യഥാര്‍ത്ഥ പൗരന്മാരുടെ’ എണ്ണം കണക്കാക്കാന്‍ തയ്യാറാക്കുന്ന പട്ടികയാണ് പൗരത്വ പട്ടിക. എന്നാല്‍ മതം അടിസ്ഥാനമാക്കി ആളുകളെ പട്ടികയില്‍ നിന്നും പുറത്താക്കുന്നു എന്ന ആക്ഷേപം പൗരത്വ പട്ടികയെ തുടക്കം മുതല്‍ വിവാദത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. അതേസമയം, പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുമെന്നാണ് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്.

തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കുമ്പോള്‍ മമതാ ബാനര്‍ജിയും കോണ്‍ഗ്രസും അതില്‍ ദുഖിതരായിരുന്നെന്ന് അമിത് ഷാ റാലിയില്‍ പറഞ്ഞു. ‘അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് പാകിസ്ഥാനെതിരെയുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ നടപടിയെ അവര്‍ പിന്തുണക്കാതിരുന്നത്’- അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി കല്‍പിച്ചു കൊടുക്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുമെന്നും ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more