ന്യൂദല്‍ഹി: ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ദല്‍ഹിയില്‍ ആര്‍.എസ്.എസ് സംഘടിപ്പിക്കുന്ന “ഇന്ത്യയുടെ ഭാവി ആര്‍.എസ്.എസിലൂടെ” എന്ന ത്രിദിന കോണ്‍ ക്ലേവില്‍ സംസാരിക്കവേയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. എല്ലാവരും നമ്മുടെ സ്വന്തമാണ്. ഒരുമയാണ് ഹൈന്ദവ സംസ്‌ക്കാരം. മോഹന്‍ ഭാഗവത് പറഞ്ഞു.
വ്യത്യസ്ത ജാതിയില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിന് ആര്‍.എസ്.എസ് ഒരിക്കലും എതിരല്ലെന്നും, രാജ്യത്ത് ഏറ്റവുമധികം മിശ്രവിവാഹിതര്‍ സംഘപ്രവര്‍ത്തകരാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്നത് ആള്‍ക്കൂട്ട കൊലപാതകമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മോഹന്‍ ഭാഗവത്, ഇത്തരം സംഭവങ്ങളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
തീവ്ര ഹിന്ദു സംഘടന എന്ന പ്രതിച്ഛായ മാറ്റിയെടുക്കുന്നതിനാണ് ആര്‍.എസ്.എസ് ത്രിദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും, ഇവര്‍ ആരും പങ്കെടുത്തിരുന്നില്ല.
വിവിധ വിഷയങ്ങളില്‍ മൃദുനിലപാടുകളാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസിനെ അഭിനന്ദിക്കാനും ആര്‍.എസ്.എസ് തലവന്‍ വിമുഖത കാണിച്ചില്ല. ആര്‍.എസ്.എസ് നിര്‍ദേശ പ്രകാരമല്ല ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും ഭാഗവത് യോഗത്തില്‍ പറഞ്ഞിരുന്നു.