കപില്‍ ദേവും ബുംറയും മുതല്‍ ബിഷ്‌ണോയ് വരെ; ഒന്നാം റാങ്കില്‍ ചരിത്ര റെക്കോഡുകളുടെ നിര
Sports News
കപില്‍ ദേവും ബുംറയും മുതല്‍ ബിഷ്‌ണോയ് വരെ; ഒന്നാം റാങ്കില്‍ ചരിത്ര റെക്കോഡുകളുടെ നിര
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th February 2024, 8:34 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തേടിയെത്തിയിരുന്നു. ഇതാദ്യമായാണ് ബുംറ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒന്നാം റാങ്കിലെത്തുന്ന നാലാമത് ഇന്ത്യന്‍ ബൗളറാണ് ജസ്പ്രീത് ബുംറ.

ബുംറയുടെ ഒന്നാം റാങ്കിന് പിന്നാലെ ഇതുവരെ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തിയ താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഇത്തരത്തില്‍ ഒന്നാം റാങ്കിലെത്തിയ ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം.

ഓരോ ഫോര്‍മാറ്റിലുമായി ഒന്നാം റാങ്ക് സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍

ടെസ്റ്റ്

ബിഷന്‍ സിങ് ബേദി

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ബിഷന്‍ സിങ് ബേദി. ഇന്ത്യക്കായി 67 മത്സരം കളിച്ച താരം 266 വിക്കറ്റും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 1970കളില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനിയായ ബേദി 12 വര്‍ഷക്കാലം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

ആര്‍. അശ്വിന്‍

ബേദിക്ക് ശേഷം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരമാണ് അശ്വിന്‍. 2016ല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലാണ് താരം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.

ശേഷം 2023ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ വീണ്ടും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നു. നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തും ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാമനുമാണ് അശ്വിന്‍.

 

 

രവീന്ദ്ര ജഡേജ

2017ലാണ് ജഡേജ ടെസ്റ്റ് ബൗളര്‍മാര്‍ക്കിടയിലെ ഒന്നാമനാകുന്നത്. നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ എട്ടാമതുള്ള ജഡേജ, ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനുമാണ്.

ജസ്പ്രീത് ബുംറ

ഈ പട്ടികയില്‍ അവസാനമായി ഇടം നേടിയ ഇന്ത്യന്‍ താരമാണ് ബുംറ. കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങുമായാണ് ബുംറ ഒന്നാമതെത്തിയിരിക്കുന്നത്.

ഏകദിനം

മനീന്ദര്‍ സിങ്

1987ല്‍ ഏകദിനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് മനീന്ദര്‍ ഐ.സി.സി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടവും ഇതോടെ താരം സ്വന്തമാക്കി.

 

കപില്‍ ദേവ്

മനീന്ദര്‍ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തി തൊട്ടടുത്ത വര്‍ഷം തന്നെ കപില്‍ ദേവും മികച്ച ഏകദിന ബൗളറുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി.

 

അനില്‍ കുംബ്ലെ

1996ലായിലായിരുന്നു ഇന്ത്യന്‍ സ്പിന്‍ വിസാര്‍ഡ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമനായി ചരിത്രം കുറിച്ചത്.

രവീന്ദ്ര ജഡേജ

കുംബ്ലെക്ക് ശേഷം നീണ്ട 17 വര്‍ഷങ്ങള്‍ക്കിപ്പുറം 2013ലാണ് ഒരു ഇന്ത്യന്‍ ബൗളറെ ഐ.സി.സി ഏകദിന ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം തേടിയെത്തുന്നത്. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ ഏഴാമനാണ് ജഡേജ. 220 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്.

ജസ്പ്രീത് ബുംറ

ഏകദിന റാങ്കിങ്ങില്‍ രണ്ട് തവണയാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ താരവും ബുംറ തന്നെ. 2018ല്‍ കരിയറിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയ ബുംറ, പരിക്കേറ്റ് പുറത്താകുന്നതിന് മുമ്പ് 2022ലും ഈ നേട്ടം കൈവരിച്ചിരുന്നു.

മുഹമ്മദ് സിറാജ്

വിമര്‍ശനങ്ങളെ മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജമാക്കി മാറ്റി സ്വയം മെച്ചപ്പെടുത്തിയാണ് സിറാജ് കരിയറിലെ ഏറ്റവും സുപ്രധാനമായി നേട്ടം സ്വന്തമാക്കിയത്. 2023ലായിരുന്നു താരത്തിന്റെ നേട്ടം പിറവിയെടുത്തത്. നിലവില്‍ നാലാമതാണ് സിറാജിന്റെ സ്ഥാനം.

ടി-20

ജസ്പ്രീത് ബുംറ

ടി-20 ഫോര്‍മാറ്റില്‍ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ബുംറ. 2017ലാണ് താരത്തിന്റെ ചരിത്രനേട്ടം പിറവിയെടുത്തത്. എന്നാല്‍ നിലവില്‍ 100ാം റാങ്കിലാണ് ബുംറയുള്ളത്.

രവി ബിഷ്‌ണോയ്

2023 ഡിസംബറിലാണ് ബിഷ്‌ണോയ് ടി-20 റാങ്കില്‍ ഒന്നാമതെത്തിയത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം താരം നിലവില്‍ ആറാം സ്ഥാനത്താണ്.

 

 

Content Highlight: All Indian bowlers to reach 1st in ICC bowlers ranking