വി.എച്ച്.പി റാലി: അയോധ്യയിലെ മുസ്‌ലീങ്ങള്‍ ഭീതിയില്‍, സുരക്ഷിതരല്ലെന്ന് തോന്നുന്നവര്‍ക്ക് ലക്‌നൗവിലേക്ക് വരാമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
national news
വി.എച്ച്.പി റാലി: അയോധ്യയിലെ മുസ്‌ലീങ്ങള്‍ ഭീതിയില്‍, സുരക്ഷിതരല്ലെന്ന് തോന്നുന്നവര്‍ക്ക് ലക്‌നൗവിലേക്ക് വരാമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th November 2018, 12:17 pm

 

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി വി.എച്ച്.പിയുടെ റാലി ഇന്ന് നടക്കാനിരിക്കെ അയോധ്യാ നിവാസികളായ മുസ്‌ലീങ്ങള്‍ ഭീതിയിലാണെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്.

“അയോധ്യയില്‍ കഴിയുന്ന മുസ്‌ലീങ്ങള്‍ കഴിഞ്ഞ ആഴ്ചകള്‍ മുതല്‍ ഭീതിയോടെയാണ് കഴുയുന്നത്. സുരക്ഷിതമല്ലെന്ന് തോന്നുന്നവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ലക്‌നൗവിലേക്ക് വരാമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്.” ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതാവ് സഫര്‍യാദ് ജിലാനി പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പിയും ശിവസേനയും ഇന്ന അയോധ്യയില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടു സംഘടനകളുടെയും നേതൃത്വത്തില്‍ പരിപാടികള്‍ നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് അയോധ്യയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Also Read:ശബരിമലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കാന്‍ ഒരുങ്ങി ബി.ജെ.പി; നിലയ്ക്കലില്‍ ഇന്ന് നിരോധനാജ്ഞ ലംഘിക്കും

35 ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ 160 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 700 കോണ്‍സ്റ്റബിളുമാര്‍ എന്നിവരെ അയോധ്യയില്‍ നിയോഗിച്ചിട്ടുള്ളതായി ഉത്തര്‍പ്രദേശ് പൊലീസ് വക്താവിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

“വി.എച്ച്.പിയുടെ പരിപാടിയ്ക്കായി ഞങ്ങള്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. പാര്‍ക്കിങ്ങിന് സ്ഥലം അനുവദിച്ചിട്ടുണ്ട്. ബൈപ്പാസില്‍ കാര്യങ്ങള്‍ നന്നായി പോകുന്നു. അത് ഉറപ്പുവരുത്തും. എല്ലാം സംഘടിതമായ രീതിയില്‍ ഞങ്ങള്‍ ചെയ്യും.” അയോധ്യ ഡി.ഐ.ജി ഒമര്‍ സിങ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.