ഗ്യാൻവാപി മസ്ജിദിന്റെ അടിഭാഗത്ത് പൂജ നടത്താനുള്ള അനുമതി സ്വീകാര്യമല്ല: അഖിലേന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
national news
ഗ്യാൻവാപി മസ്ജിദിന്റെ അടിഭാഗത്ത് പൂജ നടത്താനുള്ള അനുമതി സ്വീകാര്യമല്ല: അഖിലേന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st January 2024, 10:13 pm

വാരണാസി: വാരണാസി ജില്ലാ ജഡ്ജി തന്റെ സർവീസിന്റെ അവസാന ദിവസം ഗ്യാൻവാപി മസ്ജിദിനടിയിൽ ഹൈന്ദവ വിഭാഗത്തിന് പൂജ നടത്താൻ അനുമതി കൊടുത്തത് അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നുവെന്നും ജില്ലാ ജഡ്ജിയുടെ തീരുമാനം മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു നിലയ്ക്കും സ്വീകാര്യമല്ലെന്നും അഖിലേന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്.

ഈ വിഷയത്തെ അലഹബാദ് ഹൈക്കോടതി വഴി നേരിടുമെന്നും ബോർഡ് അറിയിച്ചു.

‘വാരണാസി ജില്ലാ ജഡ്ജിയുടെ തീരുമാനം അങ്ങേയറ്റം ആശ്ചര്യജനകവും തീർത്തും അടിസ്ഥാനരഹിതവുമാണ്.
1993 വരെ അവിടെ പൂജ നടന്നിരുന്നു. സംസ്ഥാന സർക്കാരാണ് അത് നിർത്തലാക്കിയതെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. കാരണം 1993 ജനുവരി 24ന് അതിൻ്റെ താഴ്ഭാഗം ജില്ലാ ഭരണകൂടം സ്വന്തം നിയന്ത്രണത്തിൽ ഏറ്റെടുക്കുകയും അവിടെ തൽസ്ഥിതി തുടരണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തതാണ്.

ഇന്ന് അതിൽ ഭേദഗതി വരുത്തി പൂജ നടത്താൻ അനുമതി നൽകിയിരിക്കുന്നു. ഇത് അംഗീകരിക്കുകയാണെങ്കിൽ അവിടെ ഒരു കേസിനും അവസരം ഉണ്ടാകുന്നതല്ല. എതിർകക്ഷിക്ക് ഇതിനെതിരെ അപേക്ഷ സമർപ്പിക്കാനുള്ള സാവകാശം നൽകാത്തത് മറ്റൊരു വേദനാജനകമായ കാര്യമാണ്.

1991ൽ പാസാക്കപ്പെട്ട ആരാധനാലയങ്ങളുടെ നിയമത്തിന് അനുസൃതമായി നീങ്ങണമെന്ന സുപ്രീം കോടതി വിധിയെയും ഇത് വെല്ലുവിളിക്കുന്നു,’ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പറയുന്നു.

ബാബരി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം നിർമിച്ച ശേഷം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത മസ്ജിദുകളെ തല്പരകക്ഷികൾ ലക്ഷ്യമിടുന്നു എന്നാണ് ഇതിൽനിന്നെല്ലാം മനസിലാകുന്നത് എന്നും അവർ പറഞ്ഞു.

1947ലെ തൽസ്ഥിതി നിലനിർത്താൻ പാർലമെന്റ് പാസാക്കിയ നിയമം ശരിയായ നിലയിൽ പാലിക്കുന്നതിന് സുപ്രീം കോടതി ശക്തവും വ്യക്തവുമായ നിർദ്ദേശം നൽകണമെന്നും അല്ലാത്തപക്ഷം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ സുരക്ഷിതമാവുകയില്ലെന്നും അതുവഴി രാജ്യത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുമെന്നും ലോ ബോർഡ് ചൂണ്ടിക്കാട്ടി.

Content Highlight: All India Muslim Personal Law board on opening Gyanvapi Masjid for hindu prayers