'ഇനി ഞങ്ങള്‍ നോക്കിക്കോളാം..'തോല്‍വിക്ക് പിന്നാലെ ഉയര്‍ത്തെഴുന്നേറ്റ് ദല്‍ഹി മഹിളാ കോണ്‍ഗ്രസ്; ഗ്യാസ് വില വര്‍ധനവിനെതിരെ പെട്രോളിയം മന്ത്രാലയത്തിന് മുന്‍പില്‍ പ്രതിഷേധം
ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ദല്‍ഹിയിലെ വനിതാ കോണ്‍ഗ്രസ് നേതൃത്വം.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയളില്‍ സമരമുഖത്തിറങ്ങി പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മഹിളാ കോണ്‍ഗ്രസ്.
പെട്രോളിയം വിലവര്‍ധനവിനെതിരെ ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് നേതാക്കളായ സുഷ്മിത ദേവ്, അല്‍ക്ക ലംബം, ഷര്‍മിഷ്ഠ മുഖര്‍ജി, എന്നിവരാണ് ദല്‍ഹിയിലെ പെട്രോളിയം മന്ത്രാലയത്തിന് പുറത്ത് കുത്തിയിരിപ്പ് സമരവും പ്രതിഷേധ പ്രകടനവും നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് രാവിലെയായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സമരം പെട്രോളിയം മന്ത്രാലയത്തിന് മുന്നില്‍ നടത്തിയത്.
”ദല്‍ഹിയില്‍ സിലിണ്ടറിന് 858 രൂപ, മുംബൈയില്‍ 829 രൂപ ചെന്നൈയില്‍ 881 രൂപ, കൊല്‍ക്കത്തയില്‍ 896 രൂപ” എന്ന് ഗ്യാസ് സിലിണ്ടറിന് സമാനമായ ബാനറുകളില്‍ എഴുതി ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.
തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ പതറിയിരിക്കാതെ കൃത്യമായ പ്രവര്‍ത്തനത്തോടെ മുന്നോട്ടുപോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികള്‍.
ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയമാണ് കോണ്‍ഗ്രസിനെ ഇക്കുറിയും കാത്തിരുന്നത്. ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത കോണ്‍ഗ്രസിന് ആകെ പോള്‍ ചെയ്ത വോട്ടിന്റെ അഞ്ച് ശതമാനം മാത്രമാണ് നേടാനായത്.
ഇതിനിടെ ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ 63 സീറ്റും നേടി ഭരണതുടര്‍ച്ച നിലനിര്‍ത്തിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് അഭിനന്ദനമറിയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനെ വിമര്‍ശിച്ച് ദല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും പ്രണബ് മുഖര്‍ജിയുടെ മകളുമായ ഷര്‍മ്മിഷ്ട മുഖര്‍ജി ബുധനാഴ്ച രംഗത്തെത്തിയിരുന്നു.
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മറ്റ് സംസ്ഥാന പാര്‍ട്ടികളെയാണോ ഏല്‍പ്പിച്ചിരിക്കുന്നത് എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റിന് മറുപടിയായി ഷര്‍മ്മിഷ്ട മുഖര്‍ജി ചോദിച്ചത്.
സ്വന്തം പാര്‍ട്ടിയുടെ പരാജയത്തില്‍ ആശങ്കപ്പെടാതെ ആം ആദ്മിയുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നത് എന്തിനാണെന്നും അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുന്നതാകും നല്ലതെന്നും ഷര്‍മ്മിഷ്ട മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചിരുന്നു.
ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മികച്ചൊരു നേതാവോ നേതൃത്വമോ ഇല്ലാത്തതാണ് പരാജയത്തിന് കാരണമായതെന്നും ഷീല ദീക്ഷിതിന് പകരം വെക്കാവുന്ന ഒരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടിക്കായില്ലെന്ന വിമര്‍ശനവും തോല്‍വിക്ക് പിന്നാലെ ഉയര്‍ന്നിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടെ കടുത്ത തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു പാചക വാതക വിലയില്‍ വന്‍ വര്‍ധന വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടി. 850 രൂപ 50 പൈസയാണ് പാചക വാതകത്തിന്റെ പുതിയ വില.
ദല്‍ഹി തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേന്ദ്രം പാചക വാതക വിലയില്‍ ഗണ്യമായ വര്‍ധന വരുത്തിയിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 287 രൂപ 50 പൈസയാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകളില്‍ കേന്ദ്രം വര്‍ധിപ്പിച്ചത്.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറില്‍ നവംബറിലാണ് അവസാനമായി വില വര്‍ധവുണ്ടായത്. 76 രൂപ 50 പൈസയായിരുന്നു അന്ന് വര്‍ധിപ്പിച്ചിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ