സദാചാര പൊലീസിങ്ങിനെ ന്യായീകരിച്ച കര്‍ണാടക മുഖ്യമന്ത്രിയ്‌ക്കെതിരെ അഭിഭാഷക സംഘടന
national news
സദാചാര പൊലീസിങ്ങിനെ ന്യായീകരിച്ച കര്‍ണാടക മുഖ്യമന്ത്രിയ്‌ക്കെതിരെ അഭിഭാഷക സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th October 2021, 9:39 am

ബെംഗളൂരു: ദക്ഷിണ കന്നഡയില്‍ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര പൊലീസിങ്ങിനെ ന്യായീകരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മാപ്പു പറയണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് (എ.ഇ.എല്‍.എ.ജെ). പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും എ.ഇ.എല്‍.എ.ജെ പറഞ്ഞു.

കര്‍ണാടകയില്‍ വര്‍ഗീയപ്രശ്‌നങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നടത്തിയത് നിരുത്തരവാദിത്തപരമായ പ്രസ്താവനയെന്നും എ.ഇ.എല്‍.എ.ജെ കൂട്ടിച്ചേര്‍ത്തു. അഭിഭാഷകരും നിയമവിദ്യാര്‍ത്ഥികളും ലീഗല്‍ പ്രൊഫഷനലുകളുടെയും കൂട്ടായ്മയാണ് എ.ഇ.എല്‍.എ.ജെ.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞയുടെ പരസ്യമായ ലംഘനമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ 188ാം വകുപ്പ് ബൊമ്മെ ലംഘിച്ചതായും എ.ഇ.എല്‍.എ.ജെ പറഞ്ഞു. ഒപ്പം ബെലഗാവിയിലും കൊപ്പാലിലും ബെംഗളൂരുവിലും നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

മതവിദ്വേഷത്തിനിരയാക്കപ്പെട്ടവരെ അവമതിക്കാന്‍ മുഖ്യമന്ത്രി അധികാരം ദുര്‍വിനിയോഗപ്പെടുത്തിയെന്നും, അവര്‍ക്ക് നിയമ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് പകരം അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും എ.ഇ.എല്‍.എ.ജെ വ്യക്തമാക്കി.

സമൂഹത്തിന്റെ ഉത്തരവാദിത്തം നമ്മള്‍ക്കെല്ലാവര്‍ക്കുമുണ്ടെന്നും അവിടെ ചില വിഷയങ്ങളുണ്ടാവുമ്പോള്‍ ആളുകള്‍ക്ക് ശക്തമായ വികാരങ്ങളുണ്ടാവുമെന്നും അപ്പോള്‍ പ്രതികരണങ്ങളുണ്ടാവുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇതൊരു സാമൂഹിക പ്രശ്‌നമാണെന്നും നമുക്ക് വേണ്ടത് ധാര്‍മികതയാണെന്നും, സമൂഹത്തില്‍ ധാര്‍മികതയില്ലെങ്കില്‍ സ്വാഭാവികമായ പ്രതികരണങ്ങളുണ്ടാവുമെന്ന ബൊമ്മയുടെ പ്രസ്താവന വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് എ.ഇ.എല്‍.എ.ജെ ആവശ്യപ്പെടുന്നത്.

ദക്ഷിണ കന്നഡയിലെ മൂദബിദ്രിയില്‍ ഇതരസമുദായത്തില്‍പ്പെട്ടവരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും എന്നാല്‍ മൂഡബിദ്രി എം.എല്‍.എ ഉമാനാഥ് കൊട്ടിയാന്‍ നേരിട്ടിടപെട്ട് പ്രതികളെ ജാമ്യത്തിലിറക്കുകയുമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: All India Lawyers Association for Justice urges Chief Minister Basavaraj Bomme to apologize for supporting moral policing