| Monday, 2nd April 2018, 9:34 pm

ഹിമാചലിലും കര്‍ഷകര്‍ തെരുവിലേക്ക്; അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നാളെ നിയമസഭാ മന്ദിരം വളയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: മഹാരാഷ്ട്ര സര്‍ക്കാരിനെ വിറപ്പിച്ച ലോംഗ് മാര്‍ച്ചിനു പിന്നാലെ അഖിലേന്ത്യ കിസാന്‍ സഭ നാളെ ഹിമാചല്‍ നിയമസഭ വളയും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ വിധാന്‍ സഭ വളയുന്നത്. ദേശീയ ശ്രദ്ധ നേടിയ മുംബൈ ലോംഗ് മാര്‍ച്ചില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് കിസാന്‍ സഭ ഹിമാചല്‍ പ്രദേശിലും കര്‍ഷക പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.

സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, എല്ലാ ചെറുകിട ഇടത്തരം കര്‍ഷര്‍ക്കും അഞ്ചേക്കര്‍ വീതം കൃഷിഭൂമി അനുവദിക്കുക, പാലിനും പാലുല്പന്നങ്ങള്‍ക്കും ന്യായമായ താങ്ങു വിലയേര്‍പ്പെടുത്തുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക, വിളകള്‍ നശിപ്പിക്കുന്ന കുരങ്ങു ശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം

ഹിമാചലില്‍ ആകെ ഭൂമിയുടെ 11 ശതമാനം മാത്രമേ കൃഷിയോഗ്യമായിട്ടുള്ളു. എന്നാല്‍ സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 60 ശതമാനവും കര്‍ഷകവൃത്തിയെ ഉപജീവനമാര്‍ഗമാക്കിയാണ് ജീവിക്കുന്നത്. കൃഷിഭൂമിയുടെ അപര്യാപ്തതമൂലം വനഭൂമിയില്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിരാകുകയാണ്. എന്നാല്‍ കൃഷി ചെയുന്ന കര്‍ഷകനെ കയ്യേറ്റക്കാരനാക്കി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ അവരെ ഭൂമിയില്‍ നിന്ന് പുറത്താക്കുന്നത് ഹിമാചലില്‍ പതിവ് കാഴ്ചയാണ്.

കൂടാതെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിളവ് നല്‍കുന്ന ആപ്പിള്‍, ഓറഞ്ച് മരങ്ങളും വ്യാപകമായി സര്‍ക്കാര്‍ മുറിച്ച് നീക്കപ്പെടുകയാണ്. ഇത്തരം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ പ്രക്ഷോഭം. ഹിമാചലില്‍ ഒരു ലിറ്റര്‍ പാലിനു 15 രൂപയാണ്. പാലിന് 30 രൂപ ന്യായവില ഏര്‍പ്പെടുത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

We use cookies to give you the best possible experience. Learn more