കര്‍ഷക രോഷത്തിനു മുമ്പില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐതിഹാസിക വിജയം
National
കര്‍ഷക രോഷത്തിനു മുമ്പില്‍ മുട്ടുമടക്കി ബി.ജെ.പി സര്‍ക്കാര്‍: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐതിഹാസിക വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th March 2018, 5:25 pm

മുംബൈ: ബി.ജെ.പി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരത്തിന് മുമ്പില്‍ ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. സമരക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക ആവിശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നു. മുഖ്യമന്ത്രിയും സമരനേതാക്കളുമായി ചേര്‍ന്ന ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ഭരണകൂടത്തെ വിറപ്പിച്ച് ആറ് ദിവസം നീണ്ടു നിന്ന കര്‍ഷകരുടെ പ്രക്ഷോഭത്തിന് തല്‍ക്കാലം വിരാമമാകുന്നു.

ആദിവാസികളുടെ ഭൂമി പ്രശ്നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഫട്നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ആദിവാസി മേഖലയില്‍ വിവാദമായഭൂമി ഏറ്റെടുക്കല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കും. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കണ്ടെത്തി ആറുമാസത്തിനുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും മഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചക്കായിരുന്നു കര്‍ഷക നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സെക്രട്ടേറിയറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ സമരക്കാരുടെ അഞ്ചു പ്രതിനിധികളാണ് പങ്കെടുത്തത്.

കര്‍ഷകരുടെ 90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം കാണുമെന്നും, ഉറപ്പുകള്‍ എഴുതി നല്‍കുമെന്നും മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. “”കര്‍ഷകരുടെ ആവശ്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അവരുമായി ചര്‍ച്ച ചെയ്ത് 80-90 ശതമാനം ആവശ്യങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കും. അവരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടിട്ടുണ്ട്,”” അദ്ദേഹം പറഞ്ഞു.

Read Also : മുംബൈയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ‘നഗരത്തിലെ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി; വായടപ്പിച്ച് എം.ബി രാജേഷിന്റെ മറുപടി

ഈ മാസം ആറാം തീയ്യതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് ആരംഭിക്കുന്നത്. ആദ്യമൊന്നും മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാതിരുന്ന മാര്‍ച്ചും പ്രക്ഷോഭവും പിന്നീട് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനാണ് അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം രാജ്യം സാക്ഷ്യം വഹിച്ചത്.

Read Also :‘എന്തിനീ കൊടുംവെയിലത്ത് ഞങ്ങള്‍ നടക്കുന്നു…’; ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ പറയുന്നു

200 കിലോമീറ്ററുകള്‍ താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ലക്ഷം ജനത മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇന്നലെ വൈകീട്ടോടെ മുംബൈ നഗരത്തില്‍ പ്രവേശിച്ച മാര്‍ച്ചിനെ നഗരവാസികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നഗരത്തിലേക്ക് പ്രവേശിച്ച ലോങ്മാര്‍ച്ചിനെ പാതക്കിരുവശവും നിന്ന് അഭിവാദ്യം ചെയ്താണ് മുംബൈ നിവാസികള്‍ സ്വീകരിച്ചത്.

Read Also : മുംബൈയില്‍ സമരം ചെയ്യുന്നവരില്‍ 95% സാങ്കേതികമായി കര്‍ഷകരല്ല: സമരത്തെ ഇകഴ്ത്താന്‍ മുരട്ടുവാദവുമായി ദേവേന്ദ്ര ഫഡ്‌നവിസ്

സമരം ചെയ്യുന്ന കര്‍ഷകരില്‍ വലിയൊരു വിഭാഗവും ദളിത് ജനതയാണ്. നാസിക്, താനെ പല്‍ഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.