national news
കര്‍ഷകരുടെ ആവശ്യവുമായി കൃഷിമന്ത്രിയെ കണ്ടപ്പോള്‍, തെരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനാകില്ലെന്ന് പറഞ്ഞു: വിജു കൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 01, 06:09 pm
Sunday, 1st January 2023, 11:39 pm

ന്യൂദല്‍ഹി: കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍.

കേന്ദ്ര നയത്തിനെതിരെ അഖിലേന്ത്യ കിസാന്‍സഭ ഈ മാസം 26ന് അഖിലേന്ത്യാ തലത്തില്‍ വിപുലമായ കര്‍ഷകമാര്‍ച്ചുകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും
വിജു കൃഷ്ണന്‍ പറഞ്ഞു.

‘കര്‍ഷകര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് വീണു. കര്‍ഷകരുടെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രിയെ കണ്ടപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനാകില്ലെന്നാണ് മന്ത്രി പറഞ്ഞത്.

അത് വോട്ടിനുള്ളതാണ്, നടപ്പാക്കാനുള്ളതല്ല എന്ന് ഒരു മടിയും കൂടാതെ പറഞ്ഞു.
കര്‍ഷകന് ദുരിതവും കടക്കെണിയുമുണ്ടാകുമ്പോള്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ദരിദ്ര കര്‍ഷകരുടെ വോട്ടുവാങ്ങിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാല്‍, പിന്നീടവരെ അവഗണിച്ചു,’ വിജു കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.